മലപ്പുറം : മഞ്ചേരി –പാണ്ടിക്കാട് റോഡിൽ അറ്റകുറ്റപ്പണി നടത്തണമെന്നാവശ്യപ്പെട്ടു നാട്ടുകാരുടെ വേറിട്ട പ്രതിഷേധം. സ്ഥലം എംഎൽഎ യു.എ.ലത്തീഫ് അതുവഴി കടന്നുപോയ സമയത്തായിരുന്നു പ്രതിഷേധം. ചെളിവെള്ളം നിറഞ്ഞ കുഴിക്കു മുന്നിൽ ഒരാൾ തപസ്സു ചെയ്തു. എംഎൽഎയുടെ വാഹനത്തിനു മുന്നിലായിരുന്നു പ്രതിഷേധം.
കാറിൽ നിന്നിറങ്ങിയ എംഎൽഎ സമരത്തോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചു. റോഡിൽ വാഴ നട്ടു പ്രതിഷേധിക്കണമെന്ന് എംഎൽഎ പറഞ്ഞു. മഞ്ചേരി– പാണ്ടിക്കാട് റോഡിലെ കിഴക്കേത്തലയിലായിരുന്നു സംഭവം.അതേസമയം, തിങ്കളാഴ്ച സംസ്ഥാനത്തെങ്ങും റോഡിലെ കുഴികളിൽ വാഴ നട്ട് പ്രതിഷേധിക്കുമെന്ന് യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി.കെ.ഫിറോസ് പറഞ്ഞു. കഴിഞ്ഞ ദിവസം റോഡിലെ കുഴിയിൽ വീണ് ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടിരുന്നു. മറ്റൊരിടത്ത് കുഴിയിൽ വീണ് സ്കൂട്ടർ രണ്ടായി പിളർന്ന സംഭവവും ഉണ്ടായി. ഇതിൽ നടപടികളൊന്നും സ്വീകരിക്കാത്തിൽ പ്രതിഷേധിച്ചാണ് യൂത്ത് ലീഗിന്റെ പ്രതിഷേധം. പഞ്ചായത്ത് തലങ്ങളിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.