റിയാദ്: സൗദിയില്‍ ഇനി അതിവേഗ ട്രെയിനുകള്‍ സ്ത്രീകള്‍ ഓടിക്കും. 31 സ്വദേശി വനിതകള്‍ ലോക്കോ പൈലറ്റ് പരിശീലനത്തിന്റെ ആദ്യഘട്ടം പൂര്‍ത്തിയാക്കി. ഇക്കഴിഞ്ഞ ജനുവരിയിലാണ് പരിശീലനം ആരംഭിച്ചത്. ഇപ്പോള്‍ അഞ്ചുമാസം നീളുന്ന രണ്ടാംഘട്ട പരിശീലീനത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്.
മുഴുവന്‍ പരീക്ഷകളും പരിശീലനവും ഡിസംബറില്‍ പൂര്‍ത്തിയാകുന്നതോടെ ഇവര്‍ സൗദി നഗരങ്ങള്‍ക്കിടയില്‍ ട്രെയിനുകള്‍ ഓടിക്കാന്‍ തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.ട്രാഫിക് നിയന്ത്രണങ്ങള്‍, സുരക്ഷ, ജോലി അപകടങ്ങള്‍, തീപിടിത്തം, ട്രെയിനും അടിസ്ഥാന സൗകര്യങ്ങളുമായി ബന്ധപ്പെട്ട സാങ്കേതിക വശങ്ങള്‍ എന്നിവയുള്‍പ്പെടെ നിരവധി വിഷയങ്ങളില്‍ വനിതകള്‍ പരിശീലനം പൂര്‍ത്തിയാക്കുകയും വിജയം വരിക്കുകയും ചെയ്തിട്ടുണ്ട്.
സൗദിയില്‍ റെയില്‍വേ ഗതാഗതം വിപുലമാക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നതിനിടയിലാണ് ട്രെയിനുകള്‍ ഓടിക്കാന്‍ വനിതകളെ പ്രാപ്തരാക്കുന്ന പരിശീലന പരിപാടി ആരംഭിച്ചത്. സ്വദേശികളായ സ്ത്രീകള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍, പ്രത്യേകിച്ച് റെയില്‍വേ രംഗത്ത് ഒരുക്കുകയാണ് പരിശീലനത്തിലൂടെ ലക്ഷ്യമിടുന്നത്. പരിശീലനം തുടരുന്നതോടെ അടുത്തം വര്‍ഷങ്ങളില്‍ സ്ത്രീകളായ ട്രെയിന്‍ ഡ്രൈവര്‍മാരുടെ എണ്ണം ഇനിയും വര്‍ധിക്കും.