തിരുവനന്തപുരം: മികച്ച ഭരണാധികാരിയാകേണ്ട പ്രധാനമന്ത്രി ഇന്ന് പ്രധാന പൂജാരിയായി മാറിയതായി സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ പറഞ്ഞു. അയോധ്യയിലും കേദാർനാഥിലും പാർലമെന്റിലും എല്ലാം ഇതാണ് കണ്ടത്. ഇഎംഎസ് അക്കാദമിയിൽ ഓൾ ഇന്ത്യാ ലോയേഴ്‌സ് യൂണിയൻ സംസ്ഥാന നേതൃത്വക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദേശീയ പ്രക്ഷോഭങ്ങളിലും തുടർന്നുള്ള കർഷക മുന്നേറ്റങ്ങളിലും അവരോടൊപ്പം മുന്നിൽനിന്നവരാണ് അഭിഭാഷക സമൂഹം. ഏറ്റവുമധികം വൈവിധ്യങ്ങളുള്ള സമൂഹത്തെ മതഭരണത്തിലേക്ക് ചുരുക്കാനാണ് രാജ്യത്തെ ഭരണക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അഡ്വക്കറ്റ് ജനറലും ഓൾ ഇന്ത്യാ ലോയേഴ്സ് യൂണിയൽ സംസ്ഥാന പ്രസിഡന്റുമായ കെ ഗോപാലകൃഷ്ണകുറുപ്പ് അധ്യക്ഷനായി. അഖിലേന്ത്യ ജോയിന്റ് സെക്രട്ടറി ഇ കെ നാരായണൻ, സംസ്ഥാന സെക്രട്ടറി സി പി പ്രമോദ്, ഐഷാപോറ്റി, ബി രാജേന്ദ്രൻ, സുധീർ ഗണേശ് കുമാർ, പാരിപ്പള്ളി രവീന്ദ്രൻ, കെ ഒ അശോകൻ, ആനാവൂർ വേലായുധൻ നായർ എന്നിവർ സംസാരിച്ചു. തുടർന്ന് ‘നവ ഉദാരവൽക്കരണകാലത്തെ ഇന്ത്യ’ എന്ന വിഷയത്തിൽ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്കും ‘സത്യാനന്തര കാലത്തെ മാധ്യമങ്ങൾ’ എന്ന വിഷയത്തിൽ സംസ്ഥാന സെക്രട്ടറിയറ്റംഗം എം സ്വരാജും ‘സാർവദേശീയ ഇടതുപക്ഷ മുന്നേറ്റവും സാമ്രാജ്യത്വ ഇടപെടലുകളും’ എന്ന വിഷയത്തിൽ ദേശാഭിമാനി റസിഡന്റ് എഡിറ്റർ വി ബി പരമേശ്വരനും ക്ലാസെടുത്തു. കെ അനിൽ കുമാറാണ് ക്യാമ്പ് ഡയറക്ടർ.