ഭുവനേശ്വര്‍: വൃദ്ധനെ ഇലക്ട്രിക് പോസ്റ്റിൽ കെട്ടിയിട്ട ബന്ധുക്കൾ ഇയാളെ അതി ക്രൂരമായി അടിച്ചുകൊന്നു. ഒഡീഷയിലെ കൊരാപുത് ജില്ലയിലെ ആദിവാസി മേഖലയിലാണ് സംഭവം. കുര്‍ഷ മാനിയാക എന്നയാളാണ് കൊല്ലപ്പെട്ടത്. വ്യക്തി വൈരാഗ്യത്തെ തുടര്‍ന്ന് ഇയാൾ മകന്റെ വീടിന്റെ ആസ്ബെറ്റോസ് ഷീറ്റ് തകര്‍ത്തിരുന്നു. ഇതിന്റെ പേരിൽ കുര്‍ഷയും മകനും തമ്മിൽ വാക്കുതര്‍ക്കമുണ്ടായി. ഇതോടെ കുര്‍ഷയുടെ സഹോദരൻ, മകൻ, മകന്റെ ഭാര്യ എന്നിവര്‍ ചേര്‍ന്ന് ഇയാളെ പിടിച്ച് വൈദ്യുതി പോസ്റ്റിൽ കെട്ടിയിടുകയും മരത്തടികൊണ്ട് തുടര്‍ച്ചയായി മര്‍ദ്ദിക്കുകയുമായിരുന്നു.
ഇവര്‍ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ മറ്റൊരാൾ പകര്‍ത്തിയത് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. അതിക്രൂരമായാണ് മകനും ഭാര്യയും ചേര്‍ന്ന് ഇയാളെ മര്‍ദ്ദിക്കുന്നത്. ഇതുകണ്ട് ഗ്രാമത്തിലെ ചിലര്‍ പൊലീസിനെ അറിയിച്ചതോടെ പൊലീസ് സ്ഥലത്തെത്തി ഒരാളെ പിടികൂടി. മറ്റ് രണ്ട് പ്രതികൾ ഒളിവിലാണ്. ഈ രണ്ട് പേര്‍ക്കായുള്ള തിരച്ചിൽ തുടരുകയാണെന്നും ഉടൻ പിടികൂടുമെന്നും പൊലീസ് അറിയിച്ചതായി ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.
അതേസമയം മഹാരാഷ്ട്രയിലെ നാഗ്പൂരിൽ ദുര്‍മന്ത്രവാദത്തിന്റെ പേരിൽ അഞ്ച് വയസ്സുള്ള മകളെ അടിച്ചുകൊന്ന് രക്ഷിതാക്കൾ. ദുഷ്ട ശക്തികളെ തുരത്താനെന്ന പേരിൽ ദുര്‍മന്ത്രവാദം നടത്തി ഇതിനിടയിൽ മകളെ അടിച്ചുകൊല്ലുകയായിരുന്നു. പൂജയുടെ ഭാഗമായി അടിയേറ്റ കുട്ടി തൽക്ഷണം മരിക്കുകയായിരുന്നു. സംഭവത്തിൽ കുട്ടിയുടെ പിതാവ് സിദ്ധാർത്ഥ് ചിംനെ (45), അമ്മ രഞ്ജന (42), അമ്മായി പ്രിയ ബൻസോദ് (32) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഓഗസ്റ്റ് അഞ്ചിന് അര്‍ദ്ധരാത്രിയിലായിരുന്നു സംഭവം.
യൂട്യൂബിൽ പ്രാദേശിക വാർത്താ ചാനൽ നടത്തുന്ന സുഭാഷ് നഗർ നിവാസിയായ ചിമ്‌നെയും കുടുംബവും കഴിഞ്ഞ മാസം ഗുരുപൂർണിമ ദിനത്തിൽ തകൽഘട്ടിലെ ഒരു ദർഗയിൽ പോയിരുന്നു. അന്നുമുതൽ, തന്റെ ഇളയ മകളുടെ പെരുമാറ്റത്തിലെ മാറ്റങ്ങളിൽ സംശയം തോന്നിയ ഇയാൾ അവളെ ചില ദുഷ്ടശക്തികൾ പിടികൂടിയിട്ടുണ്ടെന്ന് വിശ്വസിച്ചു. അതിന് പ്രതിവിധിയായാണ് ദുര്‍മന്ത്രവാദം ചെയ്യാൻ തീരുമാനിച്ചത്.