ന്യൂയോര്‍ക്ക്: പുതിയ സുരക്ഷാ ഫീച്ചറുമായി വാട്ട്സ്ആപ്പ്. തട്ടിപ്പ് നടത്താൻ സാധ്യതയുള്ളവരിൽ നിന്നും ഉപയോക്താക്കളുടെ അക്കൗണ്ട് രക്ഷിക്കുകയാണ് വാട്ട്സ്ആപ്പിന്‍റെ ലക്ഷ്യം. ഇതിനാവശ്യമായ ഫീച്ചർ ചേർക്കാൻ വാട്ട്സ്ആപ്പ് ഒരുങ്ങുന്നതായാണ് റിപ്പോർട്ട്. ലോഗിൻ അപ്രൂവൽ എന്നാണ് ഈ ഫീച്ചറിന്‍റെ പേര്. നിലവിൽ വാട്ട്സ്ആപ്പ് ഈ ഫീച്ചർ ഡവലപ്പ് ചെയ്തുകൊണ്ടിരിക്കുകയാണ്.
പുതിയ ഫീച്ചർ ഉപയോഗിച്ച് ഒരു ഉപയോക്താവ് മറ്റൊരു സ്മാർട്ട്‌ഫോണിൽ നിന്ന് ഏതെങ്കിലും അക്കൗണ്ടിലേക്ക് ലോഗിൻ ചെയ്യുമ്പോൾ ഉപയോക്താക്കൾക്ക് വാട്ട്‌സാപ്പിനുള്ളിൽ നിന്ന് അലർട്ടുകൾ ലഭിക്കും. ലോഗിൻ അപ്രൂവൽ ഫീച്ചർ ഉപയോക്താക്കൾക്ക് ഇൻ-ആപ്പ് അലർട്ട് നൽകുമ്പോള്‍ തന്നെ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ കഴിയും. ഐഒഎസിൽ ഗ്രൂപ്പിൽ ഉണ്ടായിരുന്നവരെ കാണാനുള്ള ഫീച്ചർ ആഡ് ചെയ്യാൻ വാട്ട്‌സ്ആപ്പ് ശ്രമിക്കുന്നതായി അടുത്തിടെ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ വാർത്ത സംബന്ധിച്ച വാർത്തകൾ വന്നത്.
വാട്ട്‌സ്ആപ്പ് ഫീച്ചർ ട്രാക്കറായ വാട്ട്സ്ആപ്പ് ബീറ്റ ഇന്‍ഫോ റിപ്പോർട്ട് അനുസരിച്ച്, മെറ്റയുടെ ഉടമസ്ഥതയിലുള്ള ഇൻസ്റ്റന്‍റ് മെസേജിംഗ് പ്ലാറ്റ്‌ഫോമായ വാട്ട്‌സ്ആപ്പ് ബീറ്റ പതിപ്പ് 2.22.17.22 ലൂടെയാണ് പുതിയ ഫീച്ചർ പുറത്തിറക്കുന്നത്. ഭാവിയിലെ അപ്‌ഡേറ്റിന്‍റെ ഭാഗമായിയാകും ഇത് പുറത്തിറക്കുന്നത്. അക്കൗണ്ട് ഇതിനകം ലോഗിൻ ചെയ്‌തിരിക്കുന്ന ഹാൻഡ്‌സെറ്റിൽ നിന്ന് അനുമതി ലഭിച്ചതിന് ശേഷം മാത്രമേ ഒരു ഉപയോക്താവിന് മറ്റൊരു ഫോണിലോ, സിസ്റ്റത്തിലോ വാട്ട്സ്ആപ്പ് അക്കൌണ്ട് ലോഗിൻ ചെയ്യാൻ കഴിയൂ. ഈ ഫീച്ചർ ഒരു ഉപയോക്താവിന്‍റെ അക്കൗണ്ടും വിവരങ്ങളും മോഷ്ടിക്കപ്പെടാനുള്ള സാധ്യത ലഘൂകരിക്കുമെന്ന് പറയപ്പെടുന്നു.
വാട്ട്‌സ്ആപ്പ് ഇതിനകം തന്നെ ടു-സ്റ്റെപ്പ് വെരിഫിക്കേഷൻ ഫീച്ചർ വാഗ്ദാനം ചെയ്തിട്ടുണ്ട്. ലോഗിൻ അപ്രൂവൽ ഫീച്ചർ വരുന്നതോടെ ഉപയോക്താക്കൾ അവരുടെ സെക്യൂരിറ്റി കോഡുമായി ബന്ധപ്പെട്ട് വരുന്ന പിഴവിൽ നിന്നും രക്ഷ നേടാനാകും. വാട്ട്‌സ്ആപ്പ് ഫീച്ചർ ട്രാക്കർ പങ്കിട്ട സ്‌ക്രീൻഷോട്ടുകൾ പ്രകാരം, ലോഗിൻ ചെയ്യാൻ ശ്രമിച്ച സമയവും ഫോണിനെ കുറിച്ചുള്ള വിവരങ്ങളും അലേർട്ട് പ്രദർശിപ്പിക്കും.
സമീപകാലത്ത് പുറത്തു വന്ന റിപ്പോർട്ട് അനുസരിച്ച്, വാട്ട്‌സ്ആപ്പ് അതിന്റെ ഐഒഎസ് ഉപയോക്താക്കള്‍ക്ക് ബീറ്റ പതിപ്പ് ഉപയോഗിച്ച് മുൻ ഗ്രൂപ്പിലെ അംഗങ്ങളെ കാണാനുള്ള ഫീച്ചർ ആഡ് ചെയ്യും. ഈ അപ്‌ഡേറ്റ് ചില ബീറ്റ ടെസ്റ്ററുകൾക്കായി റിലീസ് ചെയ്‌തതായും റിപ്പോർട്ടുണ്ട്. വരും ആഴ്ചകളിൽ കൂടുതൽ ബീറ്റ ടെസ്റ്ററുകളിലേക്ക് ഫീച്ചറിന്റെ വിപുലമായ അപ്ഡേഷൻസ് റീലിസ് ചെയ്തേക്കും.