തിരുവനന്തപുരം: എ.പി.ജെ അബ്ദുൽ കലാം സാങ്കേതിക ശാസ്ത്ര സർവകലാശാലയുടെ ബി.ആർക്ക് (ആർക്കിട്ടെക്ചർ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 2015-ൽ പ്രവർത്തനം ആരംഭിച്ച സർവകലാശാലയിലെ രണ്ടാമത്തെ ആർക്കിടെക്ചർ ബാച്ചാണിത്. 2017 ഓഗസ്റ്റിലാണ് ആദ്യ സെമെസ്റ്റർ ക്ളാസുകൾ ഔദ്യോഗികമായി ആരംഭിച്ചത്. നീണ്ട പത്തു സെമസ്റ്ററുകളിലായി അഞ്ചുവർഷത്തെ പഠനവും പ്രവർത്തിപരിചയവും വിജയകരമായി പൂർത്തിയാക്കിയാണ് ഈ ബാച്ചിലെ 222 വിദ്യാർത്ഥികളാണ് ആർകിടെക്ടുകൾ ആകുവാൻ അർഹത നേടിയത്. എട്ട് കോളേജുകളിൽ നിന്നായി 382 വിദ്യാർത്ഥികളാണ് പത്താം സെമെസ്റെർ പരീക്ഷയെഴുതിയത്. വിജയശതമാനം 58.11.
419 വിദ്യാർത്ഥികളാണ് 2017 ൽ ഒന്നാം സെമെസ്റ്ററിൽ ഈ ബാച്ചിൽ പ്രവേശനം നേടിയിരുന്നത്. ഇതിൽ 8 എഞ്ചിനീയറിംഗ് കോളേജുകളിലായി 399 വിദ്യാർത്ഥികളാണ് അവസാനവർഷ പരീക്ഷയെഴുതുവാൻ അർഹരായത്. ഈ ബാച്ചിൽ പഠനം തുടങ്ങിയവരിൽ 37 പേർക്ക് പത്താം സെമെസ്റെർ വരെ എത്തുവാനായില്ല. വിജയിച്ച 222 പേരിൽ 153 പേരും പെൺകുട്ടികളാണ്. പരീക്ഷയെഴുതിയ 220 പെൺകുട്ടികളിൽ 153 പേർ വിജയിച്ചു; വിജയശതമാനം 69.55%. എന്നാൽ 162 ആൺകുട്ടികളിൽ 69 പേർക്കേ ജയിക്കുവാൻ കഴിഞ്ഞുള്ളൂ; വിജയശതമാനം 42.59%. പട്ടികജാതി-പട്ടികവർഗ വിഭാഗത്തിലെ 21 വിദ്യാർത്ഥികളിൽ 7 പേർ വിജയികളായി. വിജയശതമാനം 33.33%.
വിജയശതമാനത്തിൽ തിരുവനന്തപുരം ഗവൺമെൻറ് എഞ്ചിനീയറിംഗ് കോളേജാണ് മുന്നിൽ (81.08%). കുറ്റിപ്പുറം എം.ഇ.എസ് എൻജിനീയറിങ് കോളേജ് രണ്ടാം സ്‌ഥാനത്തും (71.8%). കോളേജ് ഓഫ് ആർക്കിടെക്ചർ തിരുവനന്തപുരം (60.38%) മൂന്നാം സ്ഥാനത്തും എത്തി.
തിരുവനന്തപുരം ഗവണ്മെന്റ് എൻജിനീയറിംഗ് കോളേജിലെ ജസ്റ്റിൻ ഐസക് ജെയിംസ് 8.81 ഗ്രേഡോടെ ഒന്നാം സ്ഥാനത്തും കൊല്ലം ടി.കെ.എം. എഞ്ചിനീയറിംഗ് കോളേജിലെ അതുല്യ സിന്ധു 8.78 ഗ്രേഡോടെ രണ്ടാം സ്ഥാനത്തും തൃശൂർ ഗവൺമെൻറ് എഞ്ചിനീയറിംഗ് കോളേജിലെ റോഷ്‌നി പി.ആർ. 8.63 ഗ്രേഡോടെ മൂന്നാം സ്ഥാനത്തും എത്തി.
വിജയികളായ വിദ്യാർത്ഥികളുടെ പ്രൊവിഷണൽ സർട്ടിഫിക്കറ്റുകളും ഗ്രേഡ് കാർഡുകളും ഡിജിറ്റൽ മാതൃകയിൽ, പരീക്ഷാ കോൺട്രോളറുടെ ഇ-ഒപ്പോടെ ഇന്ന് മുതൽ വിദ്യാർത്ഥികളുടെ പോർട്ടലിൽ തന്നെ ലഭ്യമാക്കും. വിദ്യാർത്ഥികൾക്ക് സ്വന്തം പോർട്ടലിൽ നിന്നും ഈ ഡിജിറ്റൽ സെർട്ടിഫിക്കറ്റുകൾ ഡൗൺലോഡ് ചെയ്യുവാൻ കഴിയും. ട്രാൻസ്ക്രിപ്റ്റിന്റെ മാതൃകയിലാണ് ഗ്രേഡ് കാർഡുകളുടെ ഡിസൈൻ. ബിരുദ സെർട്ടിഫിക്കറ്റിനുള്ള അപേക്ഷകൾ പത്താം തീയതി മുതൽ സ്വീകരിച്ചു തുടങ്ങും.












