കോഴിക്കോട്: ആവിക്കൽ സമരത്തെ നയിക്കുന്നത് തീവ്രവാദികളാണെന്ന് ആവർത്തിച്ച് സിപിഎം. പാർട്ടി ജില്ലാ സെക്രട്ടറി പി മോഹനൻ കോഴിക്കോട് നടത്തിയ പരിപാടിയിലാണ് ഇന്നും സമരക്കാരെ നിയന്ത്രിക്കുന്നത് തീവ്രവാദികളാണെന്ന് കുറ്റപ്പെടുത്തിയത്. എല്ലാ പാർട്ടികളും ഒരുപോലെ അംഗീകരിച്ച പദ്ധതിയാണ് ആവിക്കലിലേത്. നാടിന്റെ നന്മയെ കരുതി നടപ്പാക്കുന്ന പദ്ധതിയെ അട്ടിമറിക്കാൻ കോൺഗ്രസും മുസ്ലിം ലീഗും തീവ്രവാദികൾക്ക് ഒപ്പം നിൽക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
പദ്ധതിയെ എതിർത്ത് തോൽപ്പിക്കാൻ കഴിയില്ലെന്ന് പറഞ്ഞ അദ്ദേഹം ആ വ്യാമോഹം ആർക്കും വേണ്ടെന്നും വ്യക്തമാക്കി. എം കെ മുനീറിന് സ്ഥല ജല വിഭ്രാന്തിയാണെന്ന് മോഹനൻ മാസ്റ്റർ പ്രസംഗത്തിനിടെ വിമർശിച്ചു. അമേരിക്കൻ പ്രസിഡന്റ് പോലും അവഹേളിക്കാത്ത മാർക്സിനെ മുനീർ വിമർശിക്കുന്നു. അദ്ദേഹത്തിന്റെ മഹാനായ പിതാവിനെ ഓർത്ത് മാത്രം എംകെ മുനീറിനെതിരെ കൂടുതലൊന്നും പറയുന്നില്ലെന്നും പി മോഹനൻ പറഞ്ഞു.
ആവിക്കലിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് വലിയ അപായം വരുന്നുവെന്ന് പ്രചരിപ്പിക്കുകയാണ്. ഇടതുപക്ഷം എന്നും പാവപ്പെട്ടവർക്ക് ഒപ്പമാണ് നിലകൊണ്ടിട്ടുണ്ട്. ജനങ്ങൾ അനുഭവിക്കുന്ന പ്രയാസം ഞങ്ങളെ പഠിപ്പിക്കാൻ ആരും വരേണ്ട. ഇടക്ക് ചില മാവോയിസ്റ്റുകൾ വന്നു, അവർക്ക് എന്താണ് ഇവിടെ കാര്യം? ഇവർ തമ്മിൽ അന്തർധാര ഉണ്ട്. പോലീസ് ഇക്കാര്യം പരിശോധിക്കണം. ഈ അന്തർധാരക്ക് ഒപ്പമാണോ തിരഞ്ഞെടുക്കപ്പെട്ട രാഷ്ട്രീയ പാർട്ടികൾ നിൽക്കേണ്ടതെന്നും അദ്ദേഹം ചോദിച്ചു.
കോഴിക്കോട് കോതിയില്‍ ആറ് ദശലക്ഷം ലിറ്റര്‍ പ്രതിദിനം ശുദ്ധീകരിക്കാന്‍ ശേഷിയുള്ള പ്ലാന്റും ആവിക്കല്‍ തോട് എഴു ദശലക്ഷം കപ്പാസിറ്റിയുള്ള പ്ലാന്റും നിര്‍മിക്കാനാണ് അനുമതിയായിട്ടുള്ളത്. അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഫണ്ടും വകയിരുത്തിയിട്ടുണ്ട്. പരിസ്ഥിതി സൗഹൃദമായ എംബിബിആര്‍ എന്ന നൂതന ടെക്‌നോളജി ഉപയോഗിച്ചു തന്നെയാണ് കോഴിക്കോട്ടെ രണ്ടു പ്ലാന്റുകളും വിഭാവനം ചെയ്തിരിക്കുന്നത്.