ഫ്ലോറിഡ: അമേരിക്കന്‍ മുന്‍ പ്രസിഡന്‍റ് ഡൊണാല്‍ഡ് ട്രംപിന്‍റെ ഫ്ലോറിഡയിലെ അഢംബര വീട്ടില്‍ എഫ്ബിഐ റെയ്ഡ്. തിങ്കളാഴ്ച എഫ്ബിഐ ഏജന്റുമാർ തന്‍റെ ഫ്ലോറിഡയിലെ മാർ-എ-ലാഗോ എന്ന ആഢംബര വസതിയില്‍ റെയ്ഡ് നടത്തുകയും തന്‍റെ സ്വകാര്യകാര്യങ്ങള്‍ പൊലും ചികഞ്ഞെന്നും, സേയ്ഫുകള്‍ കുത്തിപ്പൊളിച്ചെന്നും ട്രംപ് ആരോപിച്ചു. ട്രംപ് യുഎസ് പ്രസിഡന്‍റായ കാലത്തെ ചില വൈറ്റ്ഹൌസ് രേഖകള്‍ കാണാതായതുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് എഫ്ബിഐ റെയിഡ് എന്നാണ് വിവരം. വൈറ്റ് ഹൗസിൽ നിന്നുള്ള രഹസ്യരേഖകൾ ട്രംപ് നീക്കം ചെയ്തതുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടന്നതെന്നാണ് ചില എഫ്ബിഐ വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് സ്ഥിരീകരിച്ചു.
തന്‍റെ വീട് ഇപ്പോൾ ഉപരോധത്തിലാക്കിയാണ് അവര്‍ റെയ്ഡ് ചെയ്യുന്നത്. ഇത് കടന്നുകയറ്റമാണ്. എന്ന് ട്രംപ് പറഞ്ഞു. എന്നാല്‍ എന്തിനാണ് റെയ്ഡ് എന്നത് ട്രംപ് വ്യക്തമാക്കിയില്ല. “സർക്കാർ ഏജൻസികളുമായി സഹകരിക്കുന്നുണ്ട്, എന്നിട്ടും എന്‍റെ വീട്ടില്‍ അപ്രഖ്യാപിത റെയ്ഡ് തീര്‍ത്തും മോശമായ നടപടിയാണ്. ഏജന്‍സികള്‍ എന്റെ സുരക്ഷിതത്വത്തിൽ പോലും അതിക്രമിച്ചു കയറുകയാണ്” – ട്രംപ് പറയുന്നു.
മുൻ പ്രസിഡന്റിന്റെ വീട്ടിൽ നടന്ന റെയ്ഡ് വൈറ്റ് ഹൌസ് രേഖകള്‍ സംബന്ധിച്ച ഏജന്‍സിയുടെ അന്വേഷണത്തില്‍ നിര്‍ണ്ണായകമാണ് എന്നാണ് വിലയിരുത്തല്‍. പ്രസിഡന്‍റ് പദവിയില്‍ നിന്നും ഒഴിഞ്ഞ ശേഷം ട്രംപ് അഭിമുഖീകരിക്കുന്ന നിരവധി അന്വേഷണങ്ങളിൽ ഒന്നാണ് രേഖകള്‍ കടത്തിയെന്ന ആരോപണം.
അതേ സമയം റെയ്ഡ് സംബന്ധിച്ച് പ്രതികരിക്കാൻ യുഎസ് ജസ്റ്റിസ് ഡിപ്പാർട്ട്മെന്‍റ് വിസമ്മതിച്ചു. എന്നാല്‍ ഈ പരിശോധനയെ ട്രംപ് റെയ്ഡ് എന്ന് തന്നെയാണ് വിശേഷിപ്പിക്കുന്നത്. എഫ്ബിഐ ഏജന്റുമാരുടെ ഒരു വലിയ സംഘം തന്നെ റെയ്ഡിന് എത്തിയെന്ന് ട്രംപ് പറയുന്നു. സംഭവത്തില്‍ എഫ്ബിഐയുടെ വാഷിംഗ്ടണിലെ ഹെഡ്ക്വാര്‍ട്ടേസും, മിയാമിയിലെ ഫീൽഡ് ഓഫീസും പ്രതികരണമൊന്നും നടത്തിയില്ലെന്ന് റോയിട്ടേര്‍സ് പറയുന്നു.
ട്രംപിന്‍റെ മകന്‍ എറിക്ക് ട്രംപ് സംഭവവുമായി ബന്ധപ്പെട്ട് ഫോക്സ് ന്യൂസിനോട് പറഞ്ഞത് അനുസരിച്ച്, വൈറ്റ് ഹൗസിൽ നിന്ന് ട്രംപ് തന്നോടൊപ്പം കൊണ്ടുവന്ന രേഖകളുടെ ബന്ധപ്പെട്ട ബോക്സുകൾ തിരഞ്ഞുകൊണ്ടാണ് റെയ്ഡ് എന്നാണ് പറഞ്ഞത്. എന്നാല്‍ ഇതില്‍ തന്‍റെ പിതാവ് മാസങ്ങളായി നാഷണൽ ആർക്കൈവ്‌സുമായി ഈ വിഷയത്തില്‍ സഹകരിക്കുന്നുവെന്നും. അതിനാല്‍ ഇത്തരം ഒരു റെയ്ഡ് അനാവശ്യമാണെന്നും ഇദ്ദേഹം പറഞ്ഞു.