മലപ്പുറം: കോഴിക്കോട് വിവിധ ക്ഷേത്രങ്ങളുടെ ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം. ചേളാരി തേഞ്ഞിപ്പലത്ത് രണ്ട് ക്ഷേത്രങ്ങളിലാണ് ഭണ്ഡാരം കുത്തിത്തുറന്ന് കവർച്ച നടന്നത്. പാണമ്പ്ര ചൊവ്വയിൽ ശിവക്ഷേത്രം, വടക്കേതൊടി സുബ്രഹ്‌മണ്യസ്വാമിക്ഷേത്രം എന്നിവിടങ്ങളിലായിരുന്നു മോഷണം. തിങ്കളാഴ്ച പുലർച്ചെയാണ് സംഭവം. ചൊവ്വയിൽ ക്ഷേത്രത്തിൽ പുറമേയുള്ള അഞ്ച് ഭണ്ഡാരം, വടക്കേതൊടി ക്ഷേത്രത്തിൽ നിന്ന് രണ്ട് ഭണ്ഡാരം, ഓഫീസ് മുറി എന്നിവ കുത്തിത്തുറന്നാണ് മോഷ്ടാവ് പണം കവര്‍ന്നത്.
ഭണ്ഡാരത്തിലും ഓഫീസിലുമായി സൂക്ഷിച്ചിരുന്ന പണം മുഴുവനും നഷ്ടപ്പെട്ടതായി ക്ഷേത്ര ഭാരവാഹികള്‍ പറഞ്ഞു. മോഷ്ടാവിന്റെ ദൃശ്യങ്ങൾ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. പാണമ്പ്ര സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തിൽ ഓഫീസിൽ സൂക്ഷിച്ചിരുന്ന 12,500 രൂപയും ഭണ്ഡാരത്തിലെ 4000 രൂപയുമാണ് കള്ളന്‍ അടിച്ചെടുത്തത്. കഴിഞ്ഞ ദിവസം പുലർച്ചെ നട തുറക്കാൻ എത്തിയ പൂജാരിയാണ് മോഷണ വിവരം ആദ്യമറിഞ്ഞത്.
ക്ഷേത്ര ഭാരവാഹികള്‍ പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് തേഞ്ഞിപ്പാലം പൊലീസ് സംഭവസ്ഥലെത്തി പരിശോധന നടത്തി. ഉച്ചയോടെ മലപ്പുറത്ത് നിന്നെത്തിയ വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി. ക്ഷേത്രത്തിനു സമീപം ഉണ്ടായിരുന്ന തേങ്ങ പൊതിക്കുന്ന പാര ഉപയോഗിച്ചാണ് ഭണ്ഡാരങ്ങൾ കുത്തിത്തുറന്നതെന്ന് ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു.
ഓഫീസിന്റെ പണം സ്വീകരിക്കുന്ന കിളിവാതിൽ തകർത്ത് അകത്ത് കടന്ന മോഷ്ടാവ് ഇവിടെ സൂക്ഷിച്ചിരുന്ന താക്കോൽ എടുത്തശേഷം പ്രധാന വാതിലുകൾ തുറന്ന് പണം കവരുകയായിരുന്നു. ഇവിടെയുണ്ടായിരുന്ന അലമാര കുത്തിത്തുറന്നാണ് മോഷണം നടത്തിയത്. താക്കോൽ ഉപയോഗിച്ചാണ് ഒരു ഭണ്ഡാരം മോഷ്ടാവ് തുറന്നത്. സംഭവത്തിൽ തേഞ്ഞിപ്പലം പോലീസ് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പ്രതിക്കായി വലവിരിച്ചിട്ടുണ്ടെന്നും മോഷ്ടാവിനെ ഉടന്‍ പിടികൂടാനാവുമെന്നും തേഞ്ഞിപ്പാലം പൊലീസ് അറിയിച്ചു