കോഴിക്കോട് : വനം വകുപ്പിന്റെ നോര്‍ത്തേണ്‍ സര്‍ക്കിള്‍ ഫയല്‍ തീര്‍പ്പാക്കല്‍ അദാലത്ത് ആഗസ്റ്റ് 11-ന് രാവിലെ 11ന് മാത്തോട്ടത്തെ വനശ്രീ ഓഡിറ്റോറിയത്തില്‍ വച്ച് നടത്തും. സംസ്ഥാന വനം-വന്യജീവി വകുപ്പിന്റെ ഫയല്‍ തീര്‍പ്പാക്കല്‍ യജ്ഞത്തോടനുബന്ധിച്ച് സര്‍ക്കിള്‍ തല അദാലത്തുകള്‍ നടത്താന്‍ തീരുമാനിച്ചതിന്റെ ഭാഗമായാണിത്.
പൊതുജനങ്ങളുമായി ബന്ധപ്പെട്ട നിലവിലുള്ള ഫയലുകളില്‍ പരമാവധി എണ്ണത്തില്‍ തീര്‍പ്പ് കല്‍പ്പിക്കുക എന്നതാണ് അദാലത്തിന്റെ പ്രധാന ഉദ്ദേശ്യമെന്ന് വനം-വന്യജീവി വകുപ്പുമന്ത്രി എ.കെ. ശശീന്ദ്രന്‍ അറിയിച്ചു. മന്ത്രി ഉദ്ഘാടനം നിര്‍വ്വഹിക്കുന്ന ചടങ്ങില്‍ മന്ത്രി പി.എ. മുഹമ്മദ് റിയാസ് അധ്യക്ഷത വഹിക്കും.
റേഞ്ച്, ഡിവിഷന്‍, സര്‍ക്കിള്‍ തലങ്ങളില്‍ ഫയല്‍ പരിശോധിച്ച് അര്‍ഹത നിശ്ചയിക്കുന്ന പക്ഷം അത്തരം ഫയലുകള്‍ അദാലത്തില്‍ വച്ച് അന്തിമ തീര്‍പ്പ് കല്‍പ്പികയ്ക്കുന്നതും അര്‍ഹരായവര്‍ക്കുള്ള ആനുകൂല്യങ്ങള്‍ നല്‍കുന്നതാണെന്നും മന്ത്രി അറിയിച്ചു. അര്‍ഹരാണെന്നു കാണുന്നവര്‍ക്ക് അദാലത്തില്‍ പങ്കെടുക്കുന്നതിനുള്ള യാത്രാ സൗകര്യം വനം വകുപ്പുതന്നെ ഏര്‍പ്പെടുത്തുന്നതാണ്.
ആഗസ്റ്റ് 11, 25, 26, 30, സെപ്തംബര്‍ 1 തീയതികളില്‍ യഥാക്രമം കോഴിക്കോട്, എറണാകുളം, പാലക്കാട്, കൊല്ലം, കോട്ടയം ജില്ലകളില്‍ വച്ച് സര്‍ക്കിള്‍ തല അദാലത്തുകളും നടത്തുവാനാണ് തീരുമാനം. സെപ്തംബര്‍ 30 വരെയാണ് ഫയല്‍ തീര്‍പ്പാക്കല്‍ തീവ്രയജ്ഞ പരിപാടി നടത്താന്‍ നിശ്ചയിച്ചിട്ടുള്ളത്.