സാൻഫ്രാൻസിസ്കോ: വാട്സ് ആപ്പ് സന്ദേശങ്ങൾ ഡിലീറ്റ് ചെയ്യാൻ വെറും ഒരു മണിക്കൂർ മാത്രമേ അവശേഷിക്കൂ എന്ന പരാതികൾക്ക് വിരാമമിട്ട് മെറ്റ. സന്ദേശങ്ങൾ മായ്ക്കാൻ ഇനി രണ്ട് ദിവസത്തിൽ കൂടുതൽ സമയമാണ് നൽകുക. പുതിയ സവിശേഷതയായി വാട്സ് ആപ്പ് ഈ രീതി അവതരിപ്പിക്കുമെന്ന് മെറ്റ ട്വിറ്ററിലൂടെ അറിയിച്ചു.
“അയച്ചുപോയ സന്ദേശങ്ങളെ കുറിച്ച് ചിന്തിച്ചു കൊണ്ടിരിക്കുകയാണോ? ഇനി മുതൽ സന്ദേശങ്ങൾ മായ്ക്കാം രണ്ടര ദിവസം വരെ,” വാട്സ് ആപ്പ് ട്വീറ്റ് ചെയ്തു. മുമ്പ് സന്ദേശം മായ്ക്കാൻ ഒരു മണിക്കൂറും 8 മിനിറ്റും 16 സെക്കന്‍റുമായിരുന്നു ആപ്പ് അനുവദിച്ചിരുന്നത്.
അയച്ച സന്ദേശങ്ങൾ എഡിറ്റ് ചെയ്യാൻ സാധ്യമാക്കുന്ന രീതികളും വൈകാതെ ആവിഷ്കരിക്കുമെന്ന് മെറ്റ അറിയിച്ചിട്ടുണ്ട്. കൂടാതെ ഏത് സന്ദേശവും ഗ്രൂപ്പ് അഡ്മിന് ഡിലീറ്റ് ചെയ്യാനും സൗകര്യമൊരുക്കും. വാട്സ് ആപ്പിന്‍റെ 2.22.17.12 എന്ന വേർഷനിലായിരിക്കും ഇത് അവതരിപ്പിക്കുക.