കോഴിക്കോട്: കഞ്ചാവ് വലിക്കുന്നതിനെക്കുറിച്ച് വ്ളോഗറും പെണ്‍കുട്ടിയും ചര്‍ച്ച ചെയ്യുന്ന വീഡിയോ വൈറലായതിന് പിന്നാലെ അന്വേഷണം ആരംഭിച്ച് എക്സൈസ്. ഈ വീഡിയോ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇതേക്കുറിച്ച് അന്വേഷിച്ചു വരികയാണെന്നും തൃശ്ശൂര്‍ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ പ്രതികരിച്ചു.
ലഹരി ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്ന രീതിയിലുള്ള വീഡിയോ കഴിഞ്ഞ ദിവസങ്ങളിലാണ് സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചത്. വ്ളോഗറായ യുവാവും പെണ്‍കുട്ടിയും തമ്മില്‍ സംസാരിക്കുന്ന ഇന്‍സ്റ്റഗ്രാം ലൈവ് വീഡിയോയിലാണ് ഇരുവരും ലഹരി ഉപയോഗത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നത്. പ്ലസ്ടു കഴിഞ്ഞുനില്ക്കുകയാണെന്നാണ് വീഡിയോയിലുള്ള പെണ്‍കുട്ടി വ്ളോഗറോട് പറയുന്നത്. തുടര്‍ന്ന് കഞ്ചാവ് ഉപയോഗിക്കാറുണ്ടെന്നും വെളിപ്പെടുത്തുന്നു. ഇതോടെ പെണ്‍കുട്ടിയുടെ ലഹരി ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്ന രീതിയിലായിരുന്നു വ്ളോഗറുടെ മറുപടികള്‍.
പൊകയടിക്കുകയാണ് എന്നുപറഞ്ഞാണ് വ്ളോഗര്‍ സംസാരിച്ചുതുടങ്ങുന്നത്. എന്താ ചെയ്യുന്നതെന്ന് ഇയാള്‍ ചോദിക്കുമ്പോള്‍ ‘ഇപ്പോ ബോങ് ഒക്കെ അടിച്ചുനടക്കുന്നു, വേറെ എന്ത് പരിപാടി’ എന്നായിരുന്നു പെണ്‍കുട്ടിയുടെ മറുപടി.
തുടര്‍ന്നുള്ള സംഭാഷണം ഇങ്ങനെ:-
വ്ളോഗര്‍: പൊകയടി ഉണ്ടോ നീ,
പെണ്‍കുട്ടി: ഓ ഉണ്ട്.
വ്ളോഗര്‍: എന്റെ ദൈവമേ… പൊളിച്ചടീ, പൊളിച്ച്. ഗോ ഗ്രീന്‍ ഗോ ഗ്രീന്‍, എല്ലാ ദിവസവും അടിക്കോ
പെണ്‍കുട്ടി: പിന്നല്ല.. ഓ അടിക്കും അടിക്കും…
വ്ളോഗര്‍: കൂട്ടുകാരത്തികളൂടെ ഒപ്പമോ അതോ കൂട്ടുകാരന്മാരുടെ കൂടെയാണോ അടിക്കണേ… അമ്മ വഴക്കുപറയോ
പെണ്‍കുട്ടി: പറഞ്ഞോട്ടെ, നോ മൈന്‍ഡ്,
വ്ളോഗര്‍: ആ പച്ചക്കറിയാണിത്, വെജിറ്റബിളാണ്.. സിഗരറ്റ് വലിക്കരുത് ട്ടാ…
പെണ്‍കുട്ടി: സിഗരറ്റ് വലിക്കാറില്ല മച്ചാനേ, നിര്‍ത്തി
വ്ളോഗര്‍: സിഗരറ്റ് വലിക്കരുത് ട്ടാ, സിഗരറ്റ് വലിക്കുന്നത് കണ്ടാല്‍ നാട്ടില്‍വെച്ച് കണ്ടാല്‍ തലയ്ക്കിട്ട് കൊട്ടും ഞാന്‍, നാട്ടില്‍ വരുമ്പോ ഒരുമിച്ചിരുന്ന് അടിക്കാം, ഞാന്‍ 24 മണിക്കൂറും അടിയാണ്.
പെണ്‍കുട്ടി: നമുക്ക് സാധനം കിട്ടാനില്ലടേ, പൈസയുണ്ടെങ്കിലും കിട്ടാനില്ല. ഇവിടെയൊക്കെ ലോക്കല്സാ
വ്ളോഗര്‍: ഫോര്‍ട്ട് കൊച്ചി വരെ കയറാന്‍ പറ്റോ, അല്ലെങ്കില്‍ കോതമംഗലം വരെ പോകാന്‍ പറ്റോ
പെണ്‍കുട്ടി: മൂന്നുമാസമായി വീട്ടില്‍നിന്ന് ഇറങ്ങിപ്പോയിട്ട്, ഇന്നലെയാ വന്നത്, കണ്ണൂരായിരുന്നു, വീട്ടില്‍ കയറ്റുന്നില്ല
വ്ളോഗര്‍: അവിടെ എന്താ പരിപാടി..
പെണ്‍കുട്ടി: വേറെ എന്ത് പരിപാടി. ഇതുതന്നെ പരിപാടി. ചങ്ങായിമാരൊപ്പം പോയത്
വ്ളോഗര്‍: ഓ പാക്ക് ഇറക്കി വില്‍ക്കണ പരിപാടി, സെയില്‍
പെണ്‍കുട്ടി: ഓ അതൊന്നും ഇല്ലടേ…
വ്ളോഗര്‍: ആ പരിപാടി ഒന്നും വേണ്ടട്ടാ, ആ പരിപാടി ഉണ്ടെങ്കില്‍ നമ്മള് അകത്താവും
പെണ്‍കുട്ടി: നമ്മള് ജയിലിലായിരുന്നു. ഈ പരിപാടി തന്നെ. എനിക്കൊന്നും അറിയില്ലായിരുന്നു. ചങ്ങായിന്റെ ഒപ്പം പോയതാ. കുടുങ്ങിയത് ഞാനായി.
വ്ളോഗര്‍: എത്രദിവസം ജയിലില്‍ കിടന്ന്
പെണ്‍കുട്ടി: പപ്പ ഇറക്കി, പപ്പ ആര്‍മിയാ, വേഗം ഇറക്കി. പക്ഷേ, ഇപ്പോ വീട്ടില്‍ ആരും മിണ്ടണില്ല, അതാണ് സീന്‍, പോയി പണി നോക്കട്ടെ അവര്‍..