ജയ്സാൽമീർ: ഐ.എ.എസ് ഓഫിസർ ടിന ഡാബിയുടെ ഫോട്ടോ ഉയോഗിച്ച് വാട്സ് ആപ്പിലൂടെ ആളുകളെ കബിളിപ്പിച്ച യുവാവ് പൊലീസ് പിടിയിൽ. ടിന ഡാബിയുടെ പേരിൽ ആളുകൾക്ക് സന്ദേശമയച്ച് ആമസോൺ ഗിഫ്റ്റ് കാർഡുകൾ ആവശ്യപ്പെടുകയായിരുന്നു ഇയാളെന്ന് പൊലീസ് പറഞ്ഞു. നഗര വികസന ട്രസ്റ്റ് സെക്രട്ടറി സുനിത ചൗധരിക്ക് ടിന ഡാബിയുടെ പേരിൽ സന്ദേശം ലഭിച്ചതോടെയാണ് തട്ടിപ്പ് പുറത്തുവരുന്നത്.
യുവാവ് പുതുതായി ഒരു നമ്പറിൽ വാട്സ് ആപ്പ് എടുക്കുകയായിരുന്നു. തുടർന്ന് ടിന ഡാബിയുടെ ഫോട്ടോ പ്രൊഫൈൽ ചിത്രമാക്കി. തുടർന്ന് വ്യത്യസ്ത തുകകളുടെ ആമസോൺ ഗിഫ്റ്റ് കാർഡുകൾ ആവശ്യപ്പെട്ട് ആളുകൾക്ക് സന്ദേശമയക്കുകയായിരുന്നു. പ്രതി നന്നായി ഇംഗ്ലീഷ് കൈകാര്യം ചെയ്യുന്നതിനാൽ ആളുകൾ ഇത് തട്ടിപ്പാണെന്ന് തിരിച്ചറിഞ്ഞില്ല.
ഗിഫ്റ്റ് കാർഡുകൾ ആവശ്യപ്പെട്ടുകൊണ്ടുള്ള സന്ദേശം ലഭിച്ച ശേഷം സുനിത ചൗധരി ജയ്സാൽമീർ കലക്ടറായ ടിന ഡാബി തന്നെയാണ് സന്ദേശമയച്ചതെന്ന് ഉറപ്പുവരുത്താൻ അവരെ വിളിച്ച് വിവരം അന്വേഷിക്കുകയായിരുന്നു. തന്‍റെ പേരിൽ തട്ടിപ്പ് നടക്കുന്നു എന്ന് വ്യക്തമായതോടെ കലക്ടർ പൊലീസിൽ വിവരം അറിയിച്ചു.
നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ ചോദ്യം ചെയ്ത് വരികയാണെന്ന് പൊലീസ് അറിയിച്ചു. തനിക്ക് ഒരു ഔദ്യോഗിക നമ്പർ മാത്രമേ ഉള്ളൂവെന്ന് വ്യക്തമാക്കിയ ടിന ഡാബി അഞ്ജാത നമ്പറുകളിൽനിന്ന് വരുന്ന സന്ദേശങ്ങൾക്കെതിരെ കരുതിയിരിക്കണമെന്ന് മുന്നറിയിപ്പ് നൽകി.