തിരുവനന്തപുരം: ടിക് ടോക് – റീൽസ് താരം വിനീതിനെ ബലാത്സംഗക്കേസിൽ അറസ്റ്റ് ചെയ്തതിന് പിന്നാലെ മുന്നറിയിപ്പുമായി കേരള പൊലീസ്. സോഷ്യൽ മീഡിയയിൽ മിന്നുന്നതെല്ലാം പൊന്നാകണമെന്നില്ല എന്നാണ് കേരള പൊലീസിന്റെ ഫേസ്ബുക്ക് പേജിലൂടെ നൽകിയിരിക്കുന്ന മുന്നറിയിപ്പ്. അപരിചിതമായതോ കൃത്രിമമാണെന്ന് തോന്നുന്നതോ ആയ പ്രൊഫൈലുകളിൽ നിന്നുവരുന്ന സൗഹൃദ ക്ഷണം കഴിവതും സ്വീകരിക്കരുതെന്ന് കേരള പൊലീസ് മുന്നറിയിപ്പ് നൽകുന്നു.
കോളേജ് വിദ്യാര്‍ത്ഥിയെ ബലാത്സംഗം ചെയ്ത കേസിലാണ് വിനീതിനെ പൊലീസ് പിടികൂടിയത്. ഇൻസ്റ്റഗ്രാം റീൽസിലൂടെ പരിചയപ്പെടുന്ന സ്ത്രീകളുമായി ബന്ധം സ്ഥാപിക്കുന്ന ഇയാൾ ഇവരുമൊത്തുള്ള സ്വകാര്യ ദൃശ്യങ്ങൾ മൊബൈലിൽ പകര്‍ത്തിയിരുന്നു. മാത്രമല്ല, ഇവരുമൊത്തുള്ള സ്വകാര്യ ചാറ്റുകൾ റെക്കോര്‍ഡ് ചെയ്ത് സൂക്ഷിക്കുകയും ചെയ്തിരുന്നു. തിരുവനന്തപുരം ചിറയിൻകീഴ് സ്വദേശിയാണ് വിനീത്. ഇയാളുടെ ഫോൺ പരിശോധിച്ച പൊലീസ് സംഘത്തിന് ഒട്ടേറെ സ്ത്രീകൾ വിനീതിന്റെ വലയിൽ കുടുങ്ങിയതായി കണ്ടെത്തി.
കഴിഞ്ഞ ദിവസം അറസ്റ്റിലായ വിനീതിനെതിന്റെ ഫോട്ടോ ഫിൽട്ടര്‍ ചെയ്തതാണെന്നും യഥാര്‍ത്ഥ രൂപം മറ്റൊന്നാണെന്നും സോഷ്യൽമീഡിയയിൽ ട്രോളുകൾ നിറഞ്ഞിരുന്നു. പൊയ്മുഖങ്ങളുമായി നിങ്ങളെ സമീപിക്കുന്നവർ ഒരിക്കലും ഉദ്ദേശ ശുദ്ധിയുള്ളവരായിരിക്കില്ലെന്നും പോസ്റ്റ് ഓര്‍മ്മിപ്പിക്കുന്നു.
കേരള പൊലീസിന്റെ ഫേസ്ബുക്ക് ഇങ്ങനെ
സോഷ്യൽ മീഡിയയിലെ പൊയ്മുഖങ്ങളെ തിരിച്ചറിയാനുള്ള ജാഗ്രത നമുക്കോരോരുത്തർക്കും ഉണ്ടാകണം. അപരിചിതമായതോ കൃത്രിമമാണെന്ന് തോന്നുന്നതോ ആയ പ്രൊഫൈലുകളിൽ നിന്നുവരുന്ന സൗഹൃദ ക്ഷണം കഴിവതും സ്വീകരിക്കരുത്. സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട സുഹൃത്തുക്കളുമായി അടുത്തിടപഴകുന്നത് അവരുടെ വ്യക്തിത്വവും സ്വഭാവവും വ്യക്തമായി മനസിലാക്കിയ ശേഷമാകണം. ഓർക്കുക പൊയ്മുഖങ്ങളുമായി നിങ്ങളെ സമീപിക്കുന്നവർ ഒരിക്കലും ഉദ്ദേശ ശുദ്ധിയുള്ളവരായിരിക്കില്ല.
കാർ വാങ്ങാൻ ഒപ്പം ചെല്ലാൻ ആവശ്യപ്പെട്ട വിദ്യാർത്ഥിനിയെ തലസ്ഥാനത്തെ സ്വകാര്യ ഹോട്ടലിൽ എത്തിച്ച് ബലാത്സംഗം ചെയ്തു എന്നാണ് പരാതി. ഇയാളുടെ മൊബൈൽ ഫോണിൽ നിന്ന് ലഭിച്ച മറ്റ് യുവതികളുമായുള്ള സ്വകാര്യ ദൃശ്യങ്ങളും ചാറ്റുകളും കാട്ടി അവരെ ഭീഷണിപ്പെടുത്തി ഇയാൾ പണം തട്ടിയിട്ടുണ്ടോ എന്നുള്ളതും പൊലീസ് അന്വേഷിച്ചു വരികയാണ്.
ടിക് ടോകിൽ വീഡിയോകൾ ഇട്ട് താരമായ വിനീത് പിന്നീട് പല സമൂഹ മാധ്യമങ്ങളിലും വീഡിയോകളിട്ട് ഫാൻസ് വലയം തന്നെയുണ്ടാക്കി. വീട്ടമ്മമാരെയും പെൺകുട്ടികളേയും സമീപിച്ച് സമൂഹ മാധ്യമങ്ങളിൽ വൈറലാകാനുള്ള ടിപ്സ് നൽകി സൗഹൃദം സ്ഥാപിക്കുന്നതാണ് വിനീതിൻ്റെ രീതി. പൊലീസിൽ ജോലി ഉണ്ടായിരുന്ന താൻ ചില ശാരീരിക പ്രശ്നങ്ങൾ കാരണം ജോലി രാജി വെച്ചു എന്നും ഇപ്പൊൾ ഒരു പ്രമുഖ ചാനലിൽ ജോലി ചെയ്യുന്നു എന്നുമാണ് ഇയാൾ സൗഹൃദം സ്ഥാപിക്കുന്ന യുവതികളോട് പറയുന്നത്. എന്നാൽ സമൂഹ മാധ്യമങ്ങളിൽ റീൽസ് ഇടുന്നത് അല്ലാതെ ഇയാൾക്ക് മറ്റ് ജോലികൾ ഇല്ല എന്നാണ് പൊലീസ് പറയുന്നത്. ഇയാൾക്കെതിരെ കൺടോൺമെന്റ് പൊലീസ് സ്റ്റേഷനിൽ മോഷണവും കിളിമാനൂർ പൊലീസ് സ്റ്റേഷനിൽ അടിപിടി കേസും ഉള്ളതായി പൊലീസ് പറഞ്ഞു.