അബുദാബി: ബാഗില്‍ രഹസ്യ അറയുണ്ടാക്കി മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച യുവതി അബുദാബി അന്താരാഷ്‍ട്ര വിമാനത്താവളത്തില്‍ അറസ്റ്റിലായി. 2051 ഗ്രാം കൊക്കെയ്‍നാണ് ഇവരുടെ കൈവശമുണ്ടായിരുന്നത്. ബാഗില്‍ സംശയം തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ വിശദമായ പരിശോധന നടത്തിയതോടെയാണ് യുവതി കുടുങ്ങിയത്.
അബുദാബി വിമാനത്താവളത്തിലെ ടെര്‍മിനലില്‍ ചെക്ക് പോയിന്റില്‍ വെച്ച് ഒരു യുവതിയുടെ ലഗേജില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നുകയായിരുന്നു. പതിവ് എക്സ് റേ പരിശോധനയില്‍ സ്യൂട്ട് കേസിന്റെ താഴെ ഭാഗത്ത് അസാധാരണമായ ഘനമുള്ളതായി കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് തോന്നി. ഇതേ തുടര്‍ന്നാണ് വിശദ പരിശോധന നടത്താന്‍ തീരുമാനിച്ചത്.
ബാഗ് തുറന്ന് പരിശോധിച്ച കസ്റ്റംസ് ഉദ്യോഗസ്ഥര്‍, ബാഗിന്റെ ഉള്‍ഭാഗത്തെ ലൈനിങിന് അകത്തായി ഒരു രഹസ്യ അറയുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. പ്രൊഫഷണലായി തയ്‍ച്ചുപിടിപ്പിച്ച നിലയിലാണ് ഇത് സജ്ജമാക്കിയിരുന്നത്. തുറന്ന് പരിശോധിച്ചപ്പോള്‍ നാല് പ്ലാസ്റ്റിക് ബാഗുകളാണ് ഉള്ളിലുണ്ടായിരുന്നത്. ഇവയെല്ലാം സുതാര്യമായ ടേപ്പ് ഉപയോഗിച്ച് ചുറ്റി സുരക്ഷിതമാക്കിയിരുന്നു.
പ്ലാസ്റ്റിക് ബാഗില്‍ നിന്ന് ലഭിച്ച വെളുത്ത പൊടി പരിശോധനയ്‍ക്ക് വിധേയമാക്കിയപ്പോള്‍ കൊക്കെയ്‍നാണെന്ന് കണ്ടെത്തി. ആകെ 2,051 ഗ്രാം മയക്കുമരുന്നാണ് നാല് പാക്കറ്റുകളിലായി ഉണ്ടായിരുന്നത്. യുവതിയുടെ അറസ്റ്റ് രേഖപ്പെടുത്തുകയും മയക്കുമരുന്ന് പിടിച്ചെടുക്കുകയും ചെയ്‍തതായി അധികൃതര്‍ അറിയിച്ചു.
അബുദാബി വിമാനത്താവളത്തിലെ കസ്റ്റംസ്, സുരക്ഷാ ഉദ്യോഗസ്ഥരുടെ ജാഗ്രതയും പ്രൊഫഷണല്‍ മികവുമാണ് മയക്കുമരുന്ന് കണ്ടെത്തിയതിലൂടെ വ്യക്തമാകുന്നതെന്ന് അധികൃതര്‍ പുറത്തിറക്കിയ പ്രസ്‍താവന പറയുന്നു. സമൂഹത്തിന്റെ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കാന്‍ മറ്റ് വിഭാഗങ്ങളുമായി ചേര്‍ന്ന് എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ടെന്നും അധികൃതര്‍ അറിയിച്ചു.