ന്യൂഡൽഹി: ഡൽഹിയിൽ കൂടുതൽ വ്യാപന ശേഷിയുള്ള ഒമിക്രോൺ വകഭേദം കണ്ടെത്തി. ജനിതക ശ്രേണി തരംതിരിക്കാനായി ഡൽഹിയിലെ ലോക് നായക് ജയ് പ്രകാശ് നാരായണൻ ഹോസ്പിറ്റലിലേക്ക് അയച്ച സാംപിളിലാണ് പുതിയ വകഭേദം തിരിച്ചറിഞ്ഞത്.
വാക്സിൻ മൂലവും രോഗം വന്നതിനു ശേഷവും ലഭിക്കുന്ന ആന്റിബോഡിയെ പ്രതിരോധിച്ച് കൂടുതൽ ആളുകളിലേക്ക് വളരെ പെട്ടെന്ന് പകരാൻ ശേഷിയുള്ളതാണ് പുതിയ വകഭേദമെന്ന് എൽ.എൻ.ജെ.പി ആശുപത്രി മെഡിക്കൽ ഡയറക്ടർ ഡോ. സുരേഷ് കുമാർ പറഞ്ഞു. കോവിഡ് മൂലം ഡൽഹിയിൽ ആശുപത്രിയിലാകുന്നവരുടെ എണ്ണവും വർധിക്കുകയാണ്.
പരിശോധനക്കായി അയച്ച നൂറു സാംപിളുകളിൽ 90 എണ്ണത്തിലും ഈ വകഭേദം കണ്ടെത്തിയതായും ഡോക്ടർ പറഞ്ഞു. അതേസമയം വൈറസ് ശരീരത്തിലുണ്ടാക്കുന്ന തീവ്രത താരതമ്യേന കുറവാണെന്നും റിപ്പോർട്ടുണ്ട്. ഡൽഹിയിൽ 24 മണിക്കൂറിനിടെ 2455പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഫെബ്രുവരി ആറിനു ശേഷം ആദ്യമായാണ് ഇത്രയേറെ പേർക്ക് കോവിഡ് സ്ഥിരീകരിക്കുന്നത്. 15.41 ആണ് രോഗ സ്ഥിരീകരണ നിരക്ക്. ഇന്ത്യയിൽ 24 മണിക്കൂറിനിടെ 16,047 പുതിയ കേസുകളാണ് കണ്ടെത്തിയത്. 24 മണിക്കൂറിനിടെ 54 പേർ രോഗം ബാധിച്ച് മരിക്കുകയും ചെയ്തു.