കൊച്ചി: തട്ടിപ്പു നടന്ന കരുവന്നൂർ ബാങ്കിലെ നിക്ഷേപകർക്കു പണം തിരിച്ചു നൽകുമെന്നു ഹൈക്കോടതിയിൽ സർക്കാരിന്റെ ഉറപ്പ്. കേരളാ ബാങ്കിൽനിന്ന് ഉൾപ്പെടെ വായ്പ സ്വീകരിച്ചു തുക തിരിച്ചുനൽകുമെന്നാണ് സർക്കാർ കോടതിയിൽ അറിയിച്ചിരിക്കുന്നത്. സഹകരണ വകുപ്പു മന്ത്രിയുടെ ഉന്നതാധികാര സമിതി ചേർന്നു പരിഹാര മാർഗങ്ങൾ ചർച്ച ചെയ്തെന്നും സർക്കാർ വ്യക്തമാക്കി. ബാങ്കിൽനിന്നു പണം ലഭിക്കാനുള്ളവരുടെയും ബാങ്കിനു പണം നൽകാനുള്ളവരുടെയും വിവിധ ഹർജികളാണു ഹൈക്കോടതി പരിഗണിച്ചത്.
നിക്ഷേപകർക്കു തുക തിരിച്ചു നൽകുന്നതിലുള്ള കൃത്യമായ നടപടിക്രമങ്ങൾ എന്താണെന്നു സർക്കാരിനോടു കോടതി ചോദിച്ചു. ബാങ്കിന്റെ ആസ്തികൾ പണയം വച്ചാണു കേരളാ ബാങ്കിൽനിന്നുൾപ്പടെ 25 കോടിയോളം രൂപയുടെ വായ്പ സമാഹരിക്കാനൊരുങ്ങുന്നതെന്നു സർക്കാർ മറുപടി നൽകി. പണം നൽകുന്നതിന് ഏർപ്പെടുത്തിയ ടോക്കൺ സംവിധാനം നിർത്തലാക്കിയെന്നും സർക്കാർ അറിയിച്ചു.
അടിയന്തര ആവശ്യക്കാർക്കു നിക്ഷേപം തിരിച്ചു നൽകുമ്പോൾ വിവരം കൃത്യസമയത്തു കോടതിയെ അറിയിക്കണമെന്നു നിർദേശിച്ചിട്ടുണ്ട്. പണം അത്യാവശ്യമുള്ളവർ ഇക്കാര്യം രേഖാമൂലം ബാങ്കിനോട് ആവശ്യപ്പെടണം. പണം നൽകിയതിന്റെ രേഖകൾ ബാങ്ക് കോടതിയിൽ ഹാജരാക്കണം തുടങ്ങിയ കാര്യങ്ങളും കോടതി നിർദേശിച്ചു. ജസ്റ്റിസ് ടി.ആർ.രവിയുടേതാണ് നടപടി. ഹർജികൾ രണ്ടാഴ്ച കഴിഞ്ഞു പരിഗണിക്കാനായി മാറ്റിവച്ചു.