അസംഗഢ് (ഉത്തർപ്രദേശ്): സ്വാതന്ത്ര്യ ദിനത്തിൽ ഭീകരാക്രമണം ആസൂത്രണം ചെയ്തെന്നാരോപിച്ച് ഐഎസ് ബന്ധമുള്ള യുവാവിനെ ഉത്തർപ്രദേശ് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് (എടിഎസ്) അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച അസംഗഢിലെ വീട്ടിൽ നിന്നാണ് സബാവുദ്ദീൻ ആസ്മി എന്ന യുവാവിനെ അറസ്റ്റ് ചെയ്തത്.
സ്വാതന്ത്ര്യ ദിനത്തിൽ ഇയാൾ സ്ഫോടനം നടത്താൻ പദ്ധതിയിട്ടെന്ന് പൊലീസ് പറഞ്ഞു. അതേസമയം, യുവാവിന് ഐഎസ് ബന്ധമുള്ള വിവരം അറിയില്ലായിരുന്നെന്ന് വീട്ടുകാർ പ്രതികരിച്ചു. അവന്റെ സുഹൃത്തിനെ കാണാനില്ലെന്നും ഈ സംഭവത്തിൽ അവനെ ചോദ്യം ചെയ്യാൻ കൊണ്ടുപോകുകയാണെന്നുമാണ് പൊലീസ് പറഞ്ഞതെന്നും ഒരു മണിക്കൂറിനുള്ളിൽ ചോദ്യം ചെയ്യൽ പൂർത്തിയാക്കിയ ശേഷം അവനെ വീട്ടിലേക്ക് വിടുമെന്നും പൊലീസ് പറഞ്ഞെന്ന് സഹോദരൻ സലിം മാധ്യമങ്ങളോട് പറഞ്ഞു. സബാവുദ്ദീനൊപ്പം ഗ്രാമത്തിൽ നിന്ന് രണ്ട് പേരെക്കൂടി യുപി എടിഎസ് ചോദ്യം ചെയ്യാനായി കൊണ്ടുപോയതായും സലിം പറഞ്ഞു.
ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തേഹാദുൽ മുസ്ലിമീൻ (എഐഎംഐഎം) അംഗമാണ് സബാവുദ്ദീൻ ആസ്മി. അസംഗഡ് ജില്ലയിലെ അമിലോ പ്രദേശക്കാണ് താമസം. ആളുകളെ വശീകരിച്ച് ഐസിൽ ചേർക്കാൻ പ്രേരിപ്പിക്കുകയും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഐഎസ് ആശയങ്ങൾ പ്രചരിപ്പിക്കുകയും ചെയ്തെന്നും പൊലീസ് പറഞ്ഞു. ജിഹാദി ആശയം വാട്ട്‌സ്ആപ്പിലൂടെയും മറ്റ് സോഷ്യൽ മീഡിയ ആപ്ലിക്കേഷനുകളിലൂടെയും പ്രചരിപ്പിക്കുന്നതായി വിവരം ലഭിച്ചു. തീവ്രവാദ സംഘടനയിൽ ചേരാൻ മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി. ചോദ്യം ചെയ്യലിനായി പ്രതിയെ ലഖ്‌നൗവിലെ എടിഎസ് ആസ്ഥാനത്ത് എത്തിച്ചു. 2018-ൽ ബിലാൽ എന്ന വ്യക്തിയുമായി സബാവുദ്ദീൻ ഫേസ്ബുക്കിൽ ബന്ധപ്പെട്ടിരുന്നു.
ജിഹാദിനെ കുറിച്ചും കശ്മീരിലെ മുജാഹിദുകൾക്കെതിരെ സ്വീകരിക്കുന്ന നടപടികളെ കുറിച്ചും ബിലാൽ സബാവുദ്ദീനുമായി സംസാരിക്കാറുണ്ടായിരുന്നു. ഐഎസിൽ അംഗമായ ഖത്താബ് കശ്മീരി എന്ന മൂസയുടെ നമ്പർ ബിലാൽ നൽകിയതിനെ തുടർന്നാണ് ഇയാൾ ഭീകരസംഘടനയുമായി ബന്ധപ്പെട്ടത്. സോഷ്യൽ മീഡിയയിലൂടെ അബൂബക്കർ അൽ-ഷാമിയുമായി സമ്പർക്കം പുലർത്തി. ഇന്ത്യയിൽ ഒരു ഇസ്ലാമിക സംഘടനയുടെ രൂപീകരണത്തെക്കുറിച്ചും ഐഇഡികൾ എങ്ങനെ നിർമ്മിക്കാമെന്നതിനെക്കുറിച്ചും സബാവുദ്ദീൻ മനസ്സിലാക്കി. ആർഎസ്എസിന്റെ പേരുപയോഗിച്ച് വ്യാജ ഇ-മെയിൽ ഐഡിയും ഫേസ്ബുക്ക് അക്കൗണ്ടും സൃഷ്ടിച്ച് പ്രതികൾ ആർഎസ്എസ് അംഗങ്ങളെ ലക്ഷ്യമിട്ടിരുന്നതായും പൊലീസ് പറഞ്ഞു. ഇയാളുടെ പക്കൽ നിന്ന് അനധികൃത ആയുധങ്ങളും വെടിയുണ്ടകളും ബോംബ് നിർമാണത്തിനുപയോഗിച്ച സാമഗ്രികളും എടിഎസ് കണ്ടെടുത്തു.