തിരുവനന്തപുരം: ബാലഗോകുലം പരിപാടിയിൽ പങ്കെടുത്തത് പിശകെന്ന് കോഴിക്കോട് മേയർ ബീന ഫിലിപ്പ്. ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്തതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവദത്തില്‍ പാർട്ടിക്ക് വിശദീകരണം നൽകിയെന്ന് ബീന ഫിലിപ്പ് പ്രതികരിച്ചു. പാർട്ടിക്ക് കാര്യങ്ങൾ ബോധ്യപ്പെട്ടു. തിരുവനന്തപുരത്ത് വന്നത് തിരുവനന്തപുരത്ത് ഔദ്യോഗിക പരിപാടിയിൽ പങ്കെടുക്കാൻ വേണ്ടിയായിരുന്നു. പാർട്ടി നേതൃത്വം വിളിപ്പിച്ചതല്ലെന്നും ബീന ഫിലിപ്പ് വിശദീകരിച്ചു. പാർട്ടി നിലപാടിനോട് യോജിക്കുന്നുവെന്നും ബീന ഫിലിപ്പ് കൂട്ടിച്ചേര്‍ത്തു.
ആര്‍എസ്എസ് സംഘടിപ്പിച്ച ബാലഗോകുലത്തിന്‍റെ മാതൃവന്ദനം പരിപാടിയില്‍ പരിപാടിയില്‍ മേയര്‍ പങ്കെടുത്തതും അവിടെ നടത്തിയ പരാമര്‍ശങ്ങളും സിപിഎമ്മില്‍ കടുത്ത അതൃപ്തിയാണ് സൃഷ്ടിച്ചത്. ചടങ്ങിന് ശേഷം നടത്തിയ വിശദീകരണമാകട്ടെ അമര്‍ഷം ഇരട്ടിയാക്കുകയും ചെയ്തു. ബാലഗോകുലം പരിപാടിയില്‍ പങ്കെടുക്കരുതെന്ന് പാര്‍ട്ടി കര്‍ശമായി പറഞ്ഞിട്ടില്ലെന്നായിരുന്നു മേയറുടെ പ്രതികരണം. മൂന്ന് പതിറ്റേണ്ടിലേറെയായി പാര്‍ട്ടി ഭരിക്കുന്ന കോര്‍പറേഷന്‍റെ നേതൃപദവിയിലിരിക്കുന്ന വ്യക്തിക്ക് പാര്‍ട്ടി നിലപാടുകളെക്കുറിച്ച് പ്രാഥമിക ധാരണപോലുമില്ലെന്ന കാര്യം കൂടിയാണ് ഇതോടെ വ്യക്തമായത്. സ്വഭാവികമായും കര്‍ശന നടപടി വേണമെന്ന ആവശ്യമാണ് പാര്‍ട്ടിയില്‍ ഉയരുന്നത്.
ഉചിതമായ നടപടിയെടുക്കാന്‍ സംസ്ഥാന നേതൃത്വം കോഴിക്കോട് ജില്ലാ കമ്മിറ്റിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നിലവില്‍ പാറോപ്പടി ബ്രാഞ്ച് കമ്മിറ്റി അംഗമാണ് ബീന ഫിലിപ്പ്. ഗുരുതര അച്ചടക്ക ലംഘനം ചൂണ്ടിക്കാട്ടി പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് ബീന ഫിലിപ്പിനെ സസ്പെന്‍ഡ് ചെയ്യാനാണ് സാധ്യതയെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. സംസ്ഥാന കമ്മിറ്റിക്ക് ശേഷം ചേരുന്ന ജില്ലാ സെക്രട്ടേറിയറ്റ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കും. എന്നാല്‍ മേയര്‍ പദവിയില്‍ നിന്ന് നീക്കാന്‍ ഇടയില്ലെന്നാണ് സൂചന.
അതിനിടെ, പബ്ളിക് റിലേഷന്‍ വകുപ്പ് സംഘടിപ്പിച്ച ക്വിറ്റ് ഇന്ത്യ വാര്‍ഷികാചരണത്തില്‍ നിന്ന് മേയര്‍ വിട്ടു നിന്നു. ചടങ്ങില്‍ അധ്യക്ഷനായിരുന്ന തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എയാണ് മേയറുടെ അസാന്നിധ്യത്തില്‍ പരിപാടി ഉദ്ഘാടനം ചെയ്തത്. സംഘ പരിവാര്‍ പരിപാടിയില്‍ പങ്കെടുക്കും മുന്‍പ് മേയര്‍ പാര്‍ട്ടിയുമായി ആലോചിക്കേണ്ടതായിരുന്നെന്ന് മുന്‍ മേയര്‍ കൂടിയായ തോട്ടത്തില്‍ പറഞ്ഞു. എന്നാല്‍ സ്റ്റാന്‍റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍മാരുടെ യോഗത്തില്‍ പങ്കെടുക്കേണ്ടതിനാലാണ് ക്വിറ്റി ഇന്ത്യാ വാര്‍ഷികാചരണത്തില്‍ പങ്കെടുക്കാന്‍ കഴിയാഞ്ഞതെന്ന് മേയറുടെ ഓഫീസ് അറിയിച്ചു. മേയര്‍ ഭവനില്‍ തന്നെയാണ് സ്റ്റാന്‍ഡിംഗ് കമ്മിറ്റി യോഗം ചേര്‍ന്നത്.