കട്ടപ്പന: കട്ടപ്പനയിൽ വിൽക്കാൻ ആനക്കൊമ്പുമായി വന്നയാളെ വനവകുപ്പ് പിടികൂടി. സുവർണ്ണഗിരിയിൽ വാടക വീട്ടിൽ താമസിക്കുന്ന ടിപ്പർ ഡ്രൈവർ കണ്ണംകുളം കെ.അരുൺ ആണ് അറസ്റ്റിലായത്. ഇടുക്കിയിലെ ഹൈറേഞ്ച് കേന്ദ്രീകരിച്ച് ആനക്കൊമ്പ് കച്ചവടം നടക്കുന്നതായി വനം വകുപ്പ് ഇൻറലിജൻസ് വിഭാഗത്തിന് വിവരം ലഭിച്ചിരുന്നു. ഇവർ നടത്തിയ അന്വേഷത്തിലാണ് അരുൺ കുടുങ്ങിയത്. രാവിലെ എട്ടു മണിക്ക് വള്ളക്കടവിന് സമീപം കരിമ്പാനിപ്പടിയിൽ വച്ചാണ് ആനക്കൊമ്പുമായി അരുണിനെ വനംവകുപ്പ് ഫ്ലയിംഗ് സ്ക്വാഡ് കസ്റ്റഡിയിൽ എടുത്തത്.
പന്ത്രണ്ട് ലക്ഷം രൂപയ്ക്ക് കച്ചവടം ഉറപ്പിച്ച് ആനകൊമ്പ് മറ്റൊരു സംഘത്തിന് കൈമാറാൻ കാറിൽ കാത്ത് നിൽക്കുമ്പോഴാണ് പിടിയിലായത്. നെടുങ്കണ്ടം സ്വദേശിയായ ജയ്മോന്‍റെ പക്കൽ നിന്നും ജിതേഷ് എന്നയാളുടെ സഹായത്തോടെയാണ് ആനക്കൊമ്പ് വാങ്ങിയതെന്നാണ് അരുൺ വനപാലകരോട് പറങഞ്ഞത്. അരുണിന്റെ സഹോദരി ഭർത്താവ് ബിബിനുമായി ചേർന്ന് ആറു ലക്ഷം രൂപയ്ക്കാണിത് വാങ്ങിയത്.
രണ്ടു ലക്ഷത്തി എഴുപതിനായിരം രൂപ പണമായും 20,000 രൂപ ബാങ്ക് അക്കൗണ്ട് വഴിയും ജിതേഷിന് അഡ്വാൻസായി നൽകുകയും ചെയ്തു. തുടർന്നാണ് മറ്റൊരാൾക്ക് പന്ത്രണ്ട് ലക്ഷം രൂപയ്ക്ക് കച്ചവടം ഉറപ്പിച്ചത്. ഒളിവിൽ പോയ മൂന്നു പ്രതികൾക്കായുള്ള അന്വേഷണം വനം വകുപ്പ് ആരംഭിച്ചു. എട്ടു കിലോ നാനൂറു ഗ്രാം തൂക്കമുള്ള ആനക്കൊമ്പിന് 124 സെ. നീളവുമുണ്ട്. ആനക്കൊമ്പു കൊണ്ടു വന്ന കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പിടിയിലായ ആനക്കൊമ്പും പ്രതിയെയും കുമളി റേഞ്ചിന് കൈമാറി.
പ്രതികളിൽ ഒരാളായ ജയ്മോനെ പിടികൂടിയെങ്കിൽ മാത്രമേ ആനക്കൊമ്പ് എവിടെ നിന്നാണ് കിട്ടിയതെന്നതു സംബന്ധിച്ച് വ്യക്തത ലഭിക്കൂവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പിടിയിലായ അരുണിനെ നാളെ കോടതിയിൽ ഹാജരാക്കും. ജിതേഷും അരുണും തമ്മിലുള്ള വിവിധ അനധികൃത ഇടപാടുകളുടെ വിവരങ്ങളും വനം വകുപ്പിന് ലഭിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് അന്വേഷണം നടത്താൻ പോലീസിന് കത്തു നൽകും.
കഴിഞ്ഞ ജനുവരിയില്‍ വയനാട്ടില്‍ മൂന്ന് പേര്‍ ആനക്കൊമ്പുമായി പിടിയിലായിരുന്നു. വനം വകുപ്പിന്‍റെ വിജിലൻസ് ടീമാണ് അന്ന് 26 കിലോ തൂക്കമുള്ള ആനക്കൊമ്പുകള്‍ കടത്തിയ സംഘത്തെ പിടികൂടിയത്. അമ്പായത്തോട് സ്വദേശി മനു, കാര്യമ്പാടി സ്വദേശി അൻവർ, പളിക്കോണം സ്വദേശി സുനിൽ എന്നിവരാണ് അന്ന് പിടിയിലായത്.
പൂര്‍ണരൂപത്തിലുള്ള വലിയ രണ്ട് ആനക്കൊമ്പുകളാണ് ഇവരിൽ നിന്ന് അന്ന് കണ്ടെടുത്തത്. രഹസ്യ വിവരത്തെ തുടർന്ന് ഫ്ലയിംഗ് സ്ക്വാഡ് റെയിഞ്ച് ഓഫിസർ പി.കെ. ഹാഷിഫും സംഘവും തലപ്പുഴ വരയാലിൽ നടത്തിയ പരിശോധനയിലാണ് ആന കൊമ്പുകൾ കണ്ടെടുത്തത്. ഇവ വില്‍പ്പനക്കായി കൊണ്ടുവന്നതാണെന്നാണ് ഉദ്യോഗസ്ഥരുടെ നിഗമനം. സംഘം സഞ്ചരിച്ച ബൈക്കും പിടിച്ചെടുത്തിരുന്നു. ഇവർക്ക് എവിടെ നിന്നാണ് ആനക്കൊമ്പുകൾ കിട്ടിയതെന്ന് അന്വേഷണം ഇപ്പോഴും പുരോഗമിക്കുകയാണ്.