കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ കോടതിക്ക് മുന്നില്‍ അതിജീവതയും, പ്രൊസിക്യൂഷനും നല്കിയ അപേക്ഷ ഇന്ന് പരിഗണിക്കും. നടിയെ ആക്രമിച്ച കേസ് പരിഗണിക്കാൻ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിക്ക് കഴിയില്ലെന്നാണ് പ്രോസിക്യൂഷൻ പറയുന്നത്. സമാന ആക്ഷേപവുമായി അതിജീവിതയും വിചാരണകോടതിയെ സമീപിച്ചിരിക്കുന്നത്. ഇരുകൂട്ടരും കേസില്‍ വിചാരണ കേള്‍ക്കുന്ന ജഡ്ജി ഹണി എം. വർഗീസിന് മുന്നിൽ അപേക്ഷ സമർപ്പിച്ചിട്ടുണ്ട്.
സിബിഐ കോടതിക്കാണ് കേസ് നടത്താൻ ഹൈക്കോടതി അനുമതി നൽകിയിരുന്നതെന്നാണ് ഇരുകൂട്ടരും വാദിക്കുന്നത്. ജോലിഭാരം കാരണം പ്രിൻസിപ്പൽ സെഷൻസ് കോടതിക്ക് കേസ് കൈമാറാൻ കഴിയില്ലെന്ന് ഹൈക്കോടതി നേരത്തെ നിലപാടെടുത്തതും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. കേസ് ഫയൽ ഏത് കോടതിയുടെ അധികാരപരിധിയിലെന്ന് തീരുമാനിക്കണമെന്ന് സ്പെഷ്യൽ പ്രോസിക്യൂട്ടർ അജകുമാർ ഹർജിയിൽ പറയുന്നു.
ഹണി എം. വർഗീസ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിയായപ്പോൾ കേസ് രേഖകൾ സെഷൻസ് കോടതിയിലേക്ക് മാറ്റിയിരുന്നു. ഇക്കാര്യത്തിൽ പ്രതികളുടെ ആക്ഷേപം സമർപ്പിക്കാൻ സമയം നൽകി.
എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജിയായ ഹണി എം വർഗീസിനെ തന്നെ ആക്രമിച്ച കേസിന്റെ വിചാരണ ചുമതലയിൽ നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് അതിജീവിത തന്നെ മുന്നോട്ടു വന്നിരുന്നു.