തൃശൂർ : കരുവന്നൂർ സഹകരണ ബാങ്ക് ഹെഡ് ഓഫീസിലെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് പരിശോധന പുലർച്ചെ വരെ നീണ്ടു. ഇന്നലെ രാവിലെ എട്ട് മണിയോടെ തുടങ്ങിയ റെയ്ഡ് ഇന്ന് പുലർച്ചെ 3.30 ഓടെയാണ് അവസാനിച്ചത്. റബ്‌കോ ഏജന്റായിരുന്ന ബിജോയുടെ വീട്ടിലെ പരിശോധന ഇന്നലെ രാത്രി 10.30വരെ നീണ്ടു. പ്രതികളുടെ വീട്ടിൽ നിന്ന് ആധാരം ഉൾപ്പടെയുള്ള രേഖകളുടെ പകർപ്പ് ശേഖരിച്ചു.
തട്ടിപ്പ് നടന്ന കാലയളവിൽ ബാങ്കിലുണ്ടായിരുന്ന സാമ്പത്തിക ഇടപാടുകളുടെ രേഖകളും എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് പരിശോധിച്ചു. 75 പേരടങ്ങുന്ന ഉദ്യോഗസ്ഥ സംഘമാണ് പരിശോധന നടത്തിയത്. ബാങ്ക് പ്രസിഡന്റ് ആയിരുന്ന കെ കെ ദിവാകരൻ,സെക്രട്ടറി ആയിരുന്ന സുനിൽ കുമാർ, മുൻ ശാഖ മാനേജർ ബിജു കരീം എന്നിവരുടെ വീടുകളിലും എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് പരിശോധന നടത്തിയിരുന്നു . കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികളുടെ വീട്ടില്‍ ഒരേ സമയം ആണ് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് പരിശോധന നടത്തിയത്.