ഉത്തര്‍പ്രദേശില്‍ 60 വയസനു മുകളിലുള്ള എല്ലാ സ്ത്രീകൾക്കും സൗജന്യ ബസ് യാത്ര അനുവദിക്കുന്ന കാര്യം പരിഗണനയിലാണെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. സംസ്ഥാന ഗതാഗത വകുപ്പിന്റെ വിവിധ പദ്ധതികളുടെ തറക്കല്ലിടലും ഉദ്ഘാടനവും നിർവഹിക്കുന്നതിനിടെ ആയിരുന്നു യോഗിയുടെ ഈ പ്രഖ്യാപനം. രക്ഷാബന്ധൻ ആഘോഷത്തോടനുബന്ധിച്ച് സ്ത്രീകൾക്ക് സൗജന്യ യാത്ര മുഖ്യമന്ത്രി യോഗി നേരത്തെ പ്രഖ്യാപിച്ചിരുന്നു. രക്ഷാബന്ധൻ പ്രമാണിച്ച് എല്ലാ അമ്മമാർക്കും സഹോദരിമാർക്കും പെൺമക്കൾക്കും സർക്കാർ ബസുകളിൽ ഓഗസ്‍റ്റ് 12 അർദ്ധരാത്രി 12 മണി വരെ അടുത്ത 48 മണിക്കൂർ സൗജന്യ യാത്രാ സൗകര്യം ഒരുക്കുമെന്നായിരുന്നു യോഗി ആദിത്യനാഥിന്റെ ട്വീറ്റ്.
യുപിഎസ്ആർടിസിയുടെ 150 ഡീസൽ ബസുകൾ ഫ്ലാഗ് ഓഫ് ചെയ്യുന്ന ചടങ്ങിലാണ് യോഗി സൗജന്യയാത്ര വാഗ്ദാനം ചെയ്തത്. ബിജെപിയുടെ പ്രകടന പത്രികയിൽ നൽകിയ വാഗ്ദാനങ്ങളിലൊന്നായിരുന്നു മുതിർന്ന സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര. സംസ്ഥാനത്തെ ബസ് സ്റ്റാൻഡുകൾ വിമാനത്താവളങ്ങളുടെ മാതൃകയിൽ വികസിപ്പിക്കുമെന്നും ചടങ്ങില്‍ യോഗി പ്രഖ്യാപിച്ചു. വിമാനത്താവളത്തിൽ ലഭ്യമാകുന്ന എല്ലാ സൗകര്യങ്ങളും സംസ്ഥാനത്തെ ബസ് സ്റ്റാൻഡിലും ഉണ്ടായിരിക്കും. ഇതനുസരിച്ച് പ്രവർത്തിക്കാൻ ഗതാഗത വകുപ്പിന് മുഖ്യമന്ത്രി യോഗി നിർദ്ദേശം നൽകി. ഇതോടൊപ്പം രക്ഷാബന്ധൻ ഉത്സവത്തിൽ അമ്മമാരെയും സഹോദരിമാരെയും അവരുടെ ലക്ഷ്യസ്ഥാനങ്ങളിൽ സൗജന്യമായി എത്തിക്കാനുള്ള ബസുകളും അദ്ദേഹം ഫ്ലാഗ് ഓഫ് ചെയ്‍തു.
രക്ഷാബന്ധൻ ആഘോഷം പ്രമാണിച്ച് 60 വയസ്സിന് മുകളിലുള്ള സ്ത്രീകൾക്ക് സൗജന്യ യാത്ര, സ്ത്രീകൾക്ക് സൗജന്യ യാത്ര മുഖ്യമന്ത്രി യോഗി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതോടെ ട്രാൻസ്‌പോർട്ട് കോർപറേഷൻ 150 ബസുകൾ പൊതുജനങ്ങൾക്കായി സമർപ്പിച്ചു. സംസ്ഥാനത്തെ 75 ജില്ലകൾക്ക് രണ്ട് ബസുകൾ വീതമാണ് ലഭിക്കുന്നത്. ഇതിനുപുറമെ, 60 വയസ്സിനു മുകളിലുള്ള അമ്മമാർക്കും സഹോദരിമാർക്കും സൗജന്യ യാത്രാ പദ്ധതിയും ഉടൻ ആരംഭിക്കുമെന്നുമായിരുന്നു അദ്ദേഹത്തിന്‍റെ പ്രഖ്യാപനം. ഗതാഗത വകുപ്പിന്റെ ഝാൻസി, ബറേലി, അലിഗഡ് എന്നിവിടങ്ങളിലെ ഡ്രൈവർ പരിശീലന കേന്ദ്രങ്ങളും മുഖ്യമന്ത്രി യോഗി അനാച്ഛാദനം ചെയ്തു. ഇതോടൊപ്പം അലിഗഡ് നൗജീൽ കാന്ത് ഹൈദർഗഡ്, സിഗ്നേച്ചർ ബസ് സ്റ്റാൻഡ് എന്നിവയുടെ ഉദ്ഘാടനവും നടന്നു.
കാലക്രമേണ ജീർണിച്ച ബസുകൾ ഒഴിവാക്കി പുതിയവ ഉൾപ്പെടുത്തണം എന്ന് വ്യക്തമാക്കിയ യോഗി ഇന്ത്യയിലെ വിമാനത്താവളങ്ങൾക്ക് ലോകോത്തര നിലവാരം കൈവരിക്കാൻ കഴിയുമെങ്കിൽ എന്തുകൊണ്ട് ബസ് സ്റ്റാൻഡുകൾ അങ്ങനെ ആയിക്കൂടാ എന്നും ചോദിച്ചു. ഇതിനായി ഗതാഗത വകുപ്പ് ഈ ദിശയിൽ പ്രവർത്തിക്കേണ്ടതുണ്ട്. ഒരാൾ ബസ് സ്റ്റേഷനിൽ പോയാൽ എല്ലാ സൗകര്യങ്ങളും ലഭിക്കണം. വിവിധ സംസ്ഥാനങ്ങളുമായി ധാരണാപത്രം ഉണ്ടാക്കിയത് നമ്മുടെ സംസ്ഥാനത്തെ ജനങ്ങൾക്ക് മറ്റ് സംസ്ഥാനങ്ങളിലേക്കും പോകാനാണ്. ജീർണിച്ച ബസുകൾ ക്രമേണ നീക്കം ചെയ്യാനും പുതിയ ബസുകൾ ഫ്ളീറ്റിൽ ഉൾപ്പെടുത്താനും മുഖ്യമന്ത്രി യോഗി നിർദേശം നൽകി. പ്രത്യേകിച്ച് ഡ്രൈവർമാരുടെ ഫിറ്റ്നസ് ക്രമീകരിക്കുകയും അതിന്റെ കേന്ദ്രങ്ങൾ വികസിപ്പിക്കുകയും വേണം എന്നും യോഗി വ്യക്തമാക്കി.