ദില്ലി: വെങ്കയ്യ നായിഡുവിൻ്റെ പിൻഗാമിയായ ജഗ്ദീപ് ധൻകർ ഉപരാഷ്ട്രപതിയായി ചുമതലയേറ്റു. രാഷ്ട്രപതി ഭവനിൽ നടന്ന സത്യപ്രതിജ്ഞ ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുര്‍മു ആണ് ധൻകറിന് സത്യവാചകം ചൊല്ലി കൊടുത്തത്. രണ്ട് മിനിറ്റിൽ പൂര്‍ത്തിയായ സത്യപ്രതിജ്ഞ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദി,മുൻരാഷ്ട്രപതി രാംനാഥ് കോവിന്ദ്, സ്ഥാനമൊഴിഞ്ഞ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, മുൻ ഉപരാഷ്ട്രപതി ഹമീദ് അൻസാരി, ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡ, കേന്ദ്രമന്ത്രിമാരായ അമിത് ഷാ, രാജ്നാഥ് സിംഗ്, നിതിൻ ഗഡ്കരി,സ്മൃതി ഇറാനി ലോക്സഭാ സ്പീക്കര്‍ ഓം പ്രകാശ് ബിര്‍ള എന്നിവര്‍ പങ്കെടുത്തു. സ്ഥാനമൊഴിഞ്ഞ എം വെങ്കയ്യ നായിഡു ദില്ലിയിലെ 1, ത്യാഗരാജ് റോഡ് എന്ന വസതിയിലക്കാണ് മാറി
ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ 725 ല്‍ 528 വോട്ട് നേടിയാണ് ജഗ്ദീപ് ധൻകര്‍ ജയിച്ചത്. അഭിഭാഷകൻ ജനപ്രതിനിധി തുടങ്ങിയ നിലയ്ക്കുള്ള പരിചയ സമ്പത്തുമായാണ് ജഗ്ദീപ് ധൻകർ ഉപരാഷ്ട്രപതി സ്ഥാനം ഏറ്റെടുക്കുന്നത്. പശ്ചിമ ബംഗാളിൽ മമത ബാനർജിയുമായി എപ്പോഴും ഇടഞ്ഞു നിന്ന ജഗ്ദീപ് ധൻകർക്ക് രാജ്യസഭയിൽ സമവായം ഉറപ്പാക്കുക എന്ന വെല്ലുവിളിയാണ് അദ്ദേഹത്തിന് മുന്നിലുള്ളത്.
രാജസ്ഥാനിലെ കിത്താന സ്വദേശിയാണ് ജഗദീപ് ധൻകർ. ഫിസിക്സിൽ ബിരുദം നേടിയ ശേഷം ധൻകർ രാജസ്ഥാൻ സർവകലാശാലയിൽ നിന്ന് എൽഎൽബി പൂർത്തിയാക്കി. രാജസ്ഥാൻ ഹൈക്കോടതിയിലും, സുപ്രീംകോടതിയിലും അഭിഭാഷകനായി പ്രവർത്തിച്ചg. 1987 ൽ രാജസ്ഥാൻ ഹൈക്കോടതി ബാർ അസോസിയേഷൻ പ്രസിഡൻറ് ആയി തെരഞ്ഞെടുക്കപ്പെട്ടു. അഭിഭാഷകനായിരിക്കവേ ആയിരുന്നു രാഷ്ട്രീയ പ്രേവേശനം. തുടക്കം ജനതാദളിൽ. 1989ൽ ജുൻജുനു മണ്ഡലത്തിൽ നിന്നും ലോക്സഭയിലെത്തി. പാർലമെൻററികാര്യ മന്ത്രാലയത്തിൽ സഹമന്ത്രിയായും പ്രവർത്തിച്ചു.
യൂറോപ്യൻ പാർലമെൻറ് സന്ദർശിക്കാൻ പോയ പാർലമെൻറ് സംഘത്തിലെ ഉപനേതാവായിരുന്നു ധൻകർ.. പിന്നീട് ബിജെപിയിൽ ചേർന്ന് 1993ൽ കിഷൻഗഡ് മണ്ഡലത്തിൽ നിന്നും രാജസ്ഥൻ നിയമസഭയിലെത്തി. 2019ൽ പശ്ചിമ ബംഗാൾ ഗവർണറായി ചുമതലയേറ്റു. മുഖ്യമന്ത്രി മമതാ ബാനർജിയുമായുള്ള ഏറ്റുമുട്ടലിൻറെ പേരിൽ ജഗ്ദീപ് ധൻകർ വാർത്തകളിൽ ഇടം നേടി. അടുത്തിടെ സർവ്വകലാശാല ചാൻസലർ സ്ഥാനത്ത് നിന്ന് ധൻകറെ മാറ്റിക്കൊണ്ട് മമത സർക്കാർ നിയമം പാസാക്കി. ഗവർണ്ണർ സ്ഥാനത്ത് ഇരിക്കുമ്പോഴും സംസ്ഥാനസർക്കാരിനെതിരെ മാധ്യമങ്ങളിലൂടെ ധൻകർ തുറന്നടിച്ചു. കഴിഞ്ഞ പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പിനിടെ ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കവേയും സംസ്ഥാന സർക്കാരിന് ധൻകർ മുന്നറിയിപ്പ് നല്കി.