കോഴിക്കോട് : അബുദാബിയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച കോഴിക്കോട് ഈസ്റ്റ് മലയമ്മ സ്വദേശി ഹാരിസിന്റ മൃതദേഹം റിപോസ്റ്റുമോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായി രണ്ട് ദിവസത്തിനകം റിപ്പോർട്ട് ലഭിക്കും. പാരമ്പര്യ വൈദ്യനെ കൊന്ന നിലമ്പൂർ സ്വദേശി ഷൈബിൻ അഷ്റഫാണ് ഇയാളുടെ ബിസിനസ് പങ്കാളിയായിരുന്ന ഹാരിസിനെയും കൊലപ്പെടുത്തിയതെന്നാണ് ബന്ധുക്കളുടെ പരാതി. ഇതിന്റെ അടിസ്ഥാനത്തിലാണ് റീ പോസ്റ്റ്മോർട്ടം.
ഈസ്റ്റ് മലയമ്മ ജുമാമസ്ജിദ്ൽ രണ്ടു വർഷം മുൻപ് ഖബറടക്കിയ മൃതദേഹം പൊലീസും ഫോറൻസിക് സംഘവും ചേർന്ന് പുറത്തെടുത്തു. പള്ളി അങ്കണത്തിൽ വച്ച് തന്നെ പോസ്റ്റ്മോർട്ടം നടത്താനായിരുന്നു ആദ്യ തീരുമാനം. എന്നാൽ വിദേശത്ത് നിന്നും എമ്പാം ചെയ്തു വന്ന മൃതശരീരം വിശദമായ പരിശോധനയ്ക്ക് ആശുപത്രിയിലക്ക് കൊണ്ടു പോകണമെന്ന്, ഫോറൻസിക് മേധാവി നിലപാട് എടുത്തു. ഇതോടെയാണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ച് പോസ്റ്റ്മോർട്ടം നടത്താൻ തീരുമാനിച്ചത്.
2020 മാര്‍ച്ച് അഞ്ചിനാണ് അബുദാബിയിലെ ഫ്ലാറ്റിൽ മാനേജർക്കൊപ്പം കൈ ഞരമ്പ് മുറിച്ച്, മരിച്ച നിലയിൽ ഹാരിസിനെ കണ്ടെത്തിയത്. മാനേജരായ യുവതിയെയും ഹാരിസിന്റെയും ആത്മഹത്യയാണെന്നായിരുന്നു നിഗമനം. എന്നാൽ വൈദ്യർ കൊലക്കേസിൽ പിടിയിലായ മുഖ്യപ്രതി ഷൈബിൻ, അഷ്‌റഫിന്റെ കൂട്ടാളികൾ നിന്ന് ഹാരിസിനെ കൊല്ലാൻ തയ്യാറാക്കിയ രൂപരേഖ അടക്കം പോലീസിന് കിട്ടിയതോടെയാണ് കൊലപാതകം എന്നതിലേക്ക് . മാത്രമല്ല ഹാരിസിനെ കൊലപ്പെടുത്തിയതാണെന്ന് പരാതിയുമായി ബന്ധുക്കളും രംഗത്തുവന്നു. ഇതോടെയാണ് കോടതി അനുമതിയോടെ നിലമ്പൂർ പൊലീസ് റീ പോസ്റ്റ്മാട്ടത്തിലേക്ക് നീങ്ങിയത്.
ഹാരിസിന്‍റെ ഭാര്യക്ക് ഷൈബിന്‍ അഷ്റഫുമായി അടുപ്പം ഉണ്ടായിരുന്നു. ഇക്കാര്യം ഹാരിസ് തിരിച്ചറിഞ്ഞു. ഇതേ തുടർന്ന് ഹാരിസിനെ ഷൈബിൻ കൊലപ്പെടുത്തി എന്നാണ് കുടുംബത്തിന്‍റെ ആരോപണം. നാട്ടുവൈദ്യനെ കൊന്ന കേസിൽ ഷൈബിന് പിടിയിലായെന്ന് അറിഞ്ഞതോടെയാണ് ഹാരിസിന്‍റെ കുടുംബം പരാതിയുമായി രംഗത്ത് വന്നത്. ആത്മഹത്യയെന്ന വിധത്തില്‍ രണ്ട് പേരെ കൊലപ്പെടുത്താന്‍ ഷൈബിന്‍ അഷ്റഫ് തയ്യാറാക്കിയ രൂപരേഖ നാട്ടുവൈദ്യന്‍റെ കൊലക്കേസ് അന്വേഷണത്തിനിടെ പൊലീസിന് കിട്ടിയിരുന്നു. ഷൈബിൻ അഷ്‌റഫിന്റെ കൂട്ടാളികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.വൈദ്യനെ മൈസൂരുവിൽ നിന്നും തട്ടികൊണ്ടു വന്ന ചന്തക്കുന്ന് സ്വദേശികളായ അജ്മൽ, ഷബീബ് റഹ്മാൻ, ഷെഫീഖ് എന്നിവരാണ് പിടിയിലായത്. ഷൈബിൻ അഷ്‌റഫ് പല കുറ്റകൃത്യങ്ങളും ഇടപാടുകളും നടത്തിയത് ഇവരുടെ കൂടി സഹായത്തിലാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.