തിരുവനന്തപുരം: മന്ത്രിമാര്‍ക്കെതിരെ സിപിഎം സംസ്ഥാന സമിതിയില്‍ രൂക്ഷവിമര്‍ശനം. ഒന്നാം പിണറായി സര്‍ക്കാരുമായി താരതമ്യപ്പെടുത്തുമ്പോള്‍ പ്രവര്‍ത്തനം ദയനീയമാണ്. മന്ത്രിമാര്‍ക്ക് യാത്രചെയ്യാൻ മടിയാണ്. എല്ലാം ഓണ്‍ലൈനായി നടത്താമെന്നാണ് ചിന്ത. കഴിഞ്ഞ സര്‍ക്കാരില്‍ മന്ത്രിമാര്‍ ജനങ്ങള്‍ക്കിടയില്‍ തന്നെയായിരുന്നെന്നും സിപിഎം സംസ്ഥാന സമിതി പറഞ്ഞു. നാൽപതോളം പേരാണ് ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചത്.
തദ്ദേശ സ്വയംഭരണം, ആരോഗ്യം, പൊതുമരാമത്ത്, ഗതാഗതം, വനം തുടങ്ങിയ വകുപ്പുകൾക്കെതിരെ ശക്തമായ വിമര്‍ശനം ഉണ്ടായി. മന്ത്രിമാരുടെ പേരെടുത്ത് വിമർശനം ഉണ്ടായില്ലെന്നത് ശ്രദ്ധേയമാണ്. പൊലീസിലടക്കം ഉദ്യോഗസ്ഥതലത്തില്‍ വീഴ്ചയുണ്ട്. പൊലീസില്‍ സര്‍ക്കാരിനു നിയന്ത്രണം വേണമെന്നും സംസ്ഥാന സമിതിയിൽ വിമർശനം ഉയർന്നു.
മന്ത്രിമാര്‍ സ്വന്തമായി തീരുമാനമെടുക്കാതെ മുഖ്യമന്ത്രിക്ക് വിടുന്നു. പല മന്ത്രിമാരെയും ഫോണിൽ വിളിച്ചാല്‍ കിട്ടാറില്ല, എടുക്കാറില്ല. ഒന്നാം പിണറായി സർക്കാരുമായി താരതമ്യപ്പെടുത്തുമ്പോൾ അതിനടുത്തെങ്ങും ഈ സർക്കാർ എത്തുന്നില്ലെന്ന് വിമർശനം ഉയർന്നു.