കണ്ണൂർ: ചക്കരക്കൽ ബസ് സ്റ്റാൻഡിൽ ഷോപ്പ് കേന്ദ്രീകരിച്ച് ഒറ്റനമ്പർ ചൂതാട്ടം നടത്തിയ യുവതിയെ ചക്കരക്കൽ പൊലീസ് അറസ്റ്റ് ചെയ്തു. ബസ് സ്റ്റാൻഡിലെ അപ്പൂസ് സ്റ്റേഷനറി കടയും ലോട്ടറി സ്റ്റാളും നടത്തുന്ന ബാവോട് ബ്ലുവെൽസിൽ സവിത (47) യെയാണ് കഴിഞ്ഞ ദിവസം വൈകുന്നേരം ചക്കരക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്. ഒറ്റനമ്പർ ലോട്ടറി ചൂതാട്ടവുമായി ബന്ധപ്പെട്ട ഇടപാടുകൾ നടത്തുകയായിരുന്ന സവിതയെ ഷോപ്പ് റെയ്ഡ് നടത്തി പോലീസ് പിടികൂടുകയായിരുന്നു.
ഒറ്റനമ്പർ ചൂതാട്ടം നടത്താൻ ഉപയോഗിച്ച കുറിപ്പടികളും മൊബൈൽ ഫോണും 13500 രൂപയും പിടിച്ചെടുത്തു. ഇവർ ഓൺലൈൻ ലോട്ടറി ചൂതാട്ടത്തിന്റെ മുഖ്യ കണ്ണിയാണെന്ന് ചക്കരക്കൽ പൊലീസിന് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ദിവസങ്ങളായി ഷോപ്പ് പൊലീസ് നിരീക്ഷണത്തിലായിരുന്നു. ഇതിനെ തുടർന്നായിരുന്നു ഇന്നലെ പൊലീസ് റെയ്ഡ് നടത്തിയത്.
ഒറ്റനമ്പർ ചൂതാട്ടവുമായി ബന്ധപ്പെട്ട് കണ്ണൂർ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ മൊബൈൽ എജൻറുമാരുണ്ട്. ഇവരിൽ പലരും പൊലീസ് നിരീക്ഷണത്തിലാണ്. പ്രതിയെ ബുധനാഴ്ച രാത്രി തലശേരി മജിസ്ട്രേറ്റിന് മുമ്പിൽ ഹാജരാക്കി. ചക്കരക്കൽ സ്റ്റേഷൻ എസ് എച്ച് ഒ ഇൻ ചാർജ് വി എം വിനിഷ്, എസ് ഐ രാജീവൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിയെ പിടികൂടിയത്.