കോഴിക്കോട്: തലസ്ഥാനത്തെ ഓണാഘോഷങ്ങൾക്കു സമാനമായി മലബാർ മേഖലയിലും ഓണാഘോഷം നടത്തുമെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. ജില്ലയിലെ ഓണാഘോഷവുമായി ബന്ധപ്പെട്ട് കലക്ടറേറ്റിൽ ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. തലസ്ഥാന നഗരത്തിന് സമാനമായ ഓണാഘോഷം സംഘടിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ കോഴിക്കോട്ട് ഇത്തവണ ഓണാഘോഷ പരിപാടികൾ നടത്തും.
കോവിഡിന്റെ രൂക്ഷതയെ മറികടന്ന് ജനങ്ങൾക്ക് മാനസിക കരുത്ത് നൽകാൻ ഓണാഘോഷ പരിപാടികൾക്ക് കഴിയണം. ജില്ലയിൽ ആഭ്യന്തര സഞ്ചാരികളുടെ എണ്ണം വർധിപ്പിക്കാൻ സാധ്യമാകുന്ന മാർഗങ്ങൾ സ്വീകരിക്കണം. ജില്ലയിലെ ചരിത്രപ്രാധാന്യമുള്ള കേന്ദ്രങ്ങളിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കാനാവണമെന്നും മന്ത്രി പറഞ്ഞു. മലബാർ മഹോത്സവം ഭാവിയിൽ പുനരാരംഭിക്കുന്ന കാര്യം ആലോചിക്കും. ബീച്ച് ടൂറിസം പദ്ധതി വ്യാപിപ്പിക്കും. മലബാർ മേഖലയിൽ ജല ടൂറിസത്തിന്റെ സാധ്യതകൾ വർധിപ്പിക്കുന്നതിനായി ചാലിയാർ പുഴയിൽ വള്ളംകളി സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ യോഗത്തിൽ അധ്യക്ഷനായിരുന്നു. കലക്ടർ എൻ.തേജ് ലോഹിത് റെഡ്ഡി, എംഎൽഎമാരായ കെ.കുഞ്ഞമ്മദ്കുട്ടി, പി.ടി.എ.റഹീം, കാനത്തിൽ ജമീല, കെ.എം.സച്ചിൻദേവ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, ഡെപ്യൂട്ടി മേയർ സി.പി.മുസാഫർ അഹമ്മദ്, സബ് കലക്ടർ വി.ചെൽസാസിനി, എഡിഎം സി.മുഹമ്മദ് റഫീഖ്, ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ ഡോ. എ ശ്രീനിവാസ്, വ്യാപാരി വ്യവസായ ഏകോപന സമിതി പ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, സംഘടന പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
ഓണാഘോഷ പരിപാടികൾ സെപ്റ്റംബർ രണ്ടിന് ആരംഭിക്കും
കോഴിക്കോട്: ജില്ലയിലെ ഓണാഘോഷ പരിപാടികൾക്ക് സെപ്റ്റംബർ രണ്ടിന് തുടക്കമാകും. നഗരത്തിന്റെ ഹൃദയ ഭാഗങ്ങളായ മാനാഞ്ചിറയും പരിസര പ്രദേശങ്ങളും ഉൾപ്പെടെ ഇരുപത്തിയഞ്ചോളം ഭാഗങ്ങളിൽ ദീപാലങ്കാരം ഒരുക്കും. പ്രധാന കെട്ടിടങ്ങൾ, ട്രാഫിക് സിഗ്നലുകൾ, മരങ്ങൾ തുടങ്ങിയവ ദീപങ്ങളാൽ അലങ്കരിക്കും. ഏഴു മുതൽ കലാകായിക മത്സരങ്ങൾ വിവിധ വേദികളിൽ സംഘടിപ്പിക്കും. ഒമ്പതു മുതൽ സാംസ്കാരിക പരിപാടികൾ നഗരത്തിലെ വ്യത്യസ്ത സ്ഥലങ്ങളിൽ അവതരിപ്പിക്കും. സെപ്റ്റംബർ 11ന് ഓണാഘോഷ പരിപാടികൾ സമാപിക്കും.