ദില്ലി: രാജീവ് ഗാന്ധി വധക്കേസിൽ ജീവപര്യന്തം തടവിൽ കഴിയുന്ന നളിനി ശ്രീഹരന്‍ ജയിൽ മോചനമാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചു. പേരറിവാളനെ വിട്ടയച്ചതുപോലെ തനിക്കും മോചനം വേണമെന്നാണ് നളിനിയുടെ ആവശ്യം. അതുവരെ ഇടക്കാല ജാമ്യം അനുവദിക്കണമെന്നും നളിനി ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.
നേരത്തെ കേസിലെ മറ്റൊരു പ്രതിയായ രവിചന്ദ്രനും ഇതേ ആവശ്യമുന്നയിച്ച് സുപ്രീംകോടതിയിൽ ഹർജി നൽകിയിരുന്നു. കേസിലെ ഏഴ് പ്രതികളിൽ പേരറിവാളൻ, നളിനി, രവിചന്ദ്രൻ എന്നിവർ മാത്രമാണ് ഇന്ത്യക്കാർ. കേസിലെ മറ്റ് നാല് പ്രതികൾ ശ്രീലങ്കക്കാരാണ്. നിലവിൽ നളിനിയും രവിചന്ദ്രനും തമിഴ്നാട് സർക്കാർ അനുവദിച്ച പരോളിലാണുള്ളത്. പേരറിവാളനെ മാസങ്ങൾക്ക് മുമ്പ് ജയിലിൽ നിന്ന് മോചിപ്പിച്ചിരുന്നു.
മെയ് 18 നാണ് പേരറിവാളനെ മോചിപ്പിക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടത്. സമ്പൂർണ്ണ നീതി ഉറപ്പാക്കാൻ ഭരണഘടന സുപ്രീംകോടതിക്ക് നല്‍കുന്ന അധികാരം ഉപയോഗിച്ചാണ് ഉത്തരവ്. സംസ്ഥാന സർക്കാർ ശുപാർശ നല്‍കിയിട്ടും ഗവർണർ അത് നടപ്പാക്കാത്തതിൽ രൂക്ഷ വിമർശനം സുപ്രീംകോടതി ഉന്നയിച്ചിരുന്നു. മുപ്പത് കൊല്ലത്തിലധികം ജയിലിൽ കഴിഞ്ഞ ശേഷമാണ് പേരറിവാളന്‍ മോചിതനായത്. ഇതിന് പിന്നാലെ പ്രതികളായ നളിനി ശ്രീഹരനും പി രവിചന്ദ്രനും മദ്രാസ് ഹൈക്കോടതിയില്‍ മോചന ഹർജി നല്‍യിരുന്നെങ്കിലും കോടതി അത് തള്ളി. ആർട്ടിക്കിൾ 142ന്‍റെ പ്രത്യേകാധികാരം ഉപയോഗിക്കാൻ ഹൈക്കോടതിക്ക് അധികാരമില്ലെന്നായിരുന്നു മദ്രാസ് ഹൈക്കോടതി പറഞ്ഞത്. പ്രതികൾക്ക് സുപ്രീം കോടതിയെ സമീപിക്കാവുന്നതാണെന്നും ഹൈക്കോടതി പറഞ്ഞിരുന്നു.