ദില്ലി: 2024-ലെ പ്രതിപക്ഷ കക്ഷികളുടെ സംയുക്ത പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാവാൻ ശ്രമിച്ചേക്കുമെന്ന വാര്‍ത്തകൾ തള്ളി ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. പ്രധാനമന്ത്രി പദം തന്‍റെ മനസ്സില്‍ ഇല്ലെന്നും പ്രതിപക്ഷത്തെ ദേശീയ തലത്തില്‍ ഒരുമിപ്പിക്കാൻ ശ്രമിക്കുമെന്നും നിതീഷ് പറഞ്ഞു. 2024ല്‍ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാകുമോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുമ്പോൾ ആണ് നിതീഷ് ഇക്കാര്യം പറഞ്ഞത്.
കൈകൂപ്പി പറയുന്നു എനിക്ക് അത്തരം ചിന്തകളില്ല. എല്ലാവര്‍ക്കും വേണ്ടി ജോലി ചെയ്യുകയാണ് ഉദ്ദേശം. എല്ലാപാര്‍ട്ടികളെയും ഒരുമിപ്പിക്കാന്‍ ശ്രമിക്കും – നിതീഷ് വ്യക്തമാക്കി. ബിജെപിക്കെതിരെ എല്ലാ പ്രതിപക്ഷ കക്ഷികളും ഒന്നിച്ചാൽ അതു നന്നായിരിക്കും. പ്രതിപക്ഷ സഹകരണം എന്ന ലക്ഷ്യം മുൻനിര്‍ത്തി നിരവധി പേര്‍ ബന്ധപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ബിഹാർ ഉപമുഖ്യമന്ത്രി തേജ്വസി യാദവ് ഇന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ കാണും.
അതേസമയം ബിഹാറില്‍ മന്ത്രി സഭ രൂപികരണം സംബന്ധിച്ച് ആര്‍ജെഡി – ജെഡിയു ചർച്ച തുടരുകയാണ്. പതിനെട്ട് സീറ്റുകള്‍ ആർജെഡിക്കും മുഖ്യമന്ത്രി സ്ഥാനം ഉള്‍പ്പെടെ പതിനാല് സീറ്റുകള്‍ ജെഡിയുവിനുമെന്നതാണ് പ്രഥാമിക ധാരണ. കോണ്‍ഗ്രസിന് നാല് മന്ത്രി സ്ഥാനം ലഭിക്കാനാണ് സാധ്യത.
ഓഗസ്റ്റ് പതിനെഞ്ചിന് ശേഷം ബിഹാറില്‍ മന്ത്രി സഭ രൂപികരണം ഉണ്ടാകുമെന്നാണ് സൂചനകള്‍. നിലവില്‍ പാർട്ടികള് തമ്മില്‍ പ്രാഥമിക ചർച്ചകള്‍ നടക്കുന്നുണ്ട്. ഇത് അനുസരിച്ച് ജെഡിയുവിനെക്കാള്‍ കൂടുതല്‍ മന്ത്രിസ്ഥാനങ്ങള്‍ ആര്‍ജെഡിക്ക് ആകും ലഭിക്കുക. പതിമൂന്നോ പതിനാലോ മന്ത്രിമാര്‍ ജെഡിയുവില്‍ നിന്നും പതിനെട്ട് മന്ത്രിമാര്‍ ആര്‍ജെഡിയില്‍ നിന്നും ആയിരിക്കും. കോണഗ്രസിന് നാലും, എച്ച്എഎമ്മിന് ഒരൂ മന്ത്രി സ്ഥാനവും ആകും ലഭിക്കുക. ഉപമുഖ്യമന്ത്രിയായ തേജസ്വി യാദവിനൊപ്പം സഹോദരൻ തേജ് പ്രതാപ് യാദവും മന്ത്രി സഭയുടെ ഭാഗമാകും.
മാറി നില്‍ക്കുന്ന സിപിഐ എംഎല്‍ മന്ത്രിസഭയില്‍ ചേരാൻ തീരുമാനിച്ചാല്‍ പാർട്ടികള്‍ക്ക് ലഭിക്കുന്ന മന്ത്രിസ്ഥാനങ്ങളില്‍ മാറ്റം വരും. നാളെ ചേരുന്ന പാര്‍ട്ടി സംസ്ഥാന സമിതിയില്‍ ആകും മന്ത്രിസഭയില്‍ ചേരണമോയെന്നതില്‍ സിപിഐഎംഎല്‍ തീരുമാനമെടുക്കുക. ജാതി – പ്രാദേശിക പ്രാതിനിധ്യം ഉറപ്പ് വരുത്തിയാകും മന്ത്രിസഭ രൂപികരണമെന്നാണ് നേതാക്കള്‍ വ്യക്തമാക്കുന്നത്.
2024 ലോകസഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ബിഹാറില്‍ പ്രതിപക്ഷ സഖ്യം ശക്തിപ്പെടുത്തുമെന്ന് തേജസ്വി യാദവ് പറഞ്ഞു. ഇന്ന് ദില്ലിയിലുള്ള തേജസ്വി യാദവ് ലാലു പ്രസാദ് യാദവിനെ ആശുപത്രിയില്‍ സന്ദർശിക്കും. വൈകിട്ട് കോണ്‍ഗ്രസ് അധ്യക്ഷ സോണിയഗാന്ധിയേയും കാണും. അതേസമയം ബിജെപിക്കാരനായ സ്പീക്കർ വിജയ് കുമാർ സിൻഹ സ്ഥാനം രാജിവെക്കാത്ത സാഹചര്യത്തില്‍ അവിശ്വാസ പ്രമേയം കൊണ്ടുവരാന്‍ ആണ് മഹാസഖ്യത്തന്‍റെ തീരുമാനം. 24 ന് പ്രത്യേക സമ്മേളനം ചേർന്ന് സർക്കാര്‍ വിശ്വാസവോട്ടെടുപ്പിലൂടെ ഭൂരിപക്ഷം തെളിയിക്കും. അതിന് പിന്നാലെ തന്നെ സ്പീക്കറെ നീക്കാനുള്ള അവിശ്വാസ പ്രമേയവും അവതരിപ്പിക്കും.