ചെന്നൈ: ഭർതൃവീട്ടിൽ മരിച്ച ഏഴ് മാസം ഗർഭിണിയായ യുവതിയുടെ മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങുന്നില്ല. തമിഴ്നാട്ടിലെ മയിലാടു തുറയിലാണ് സംഭവം. സ്ത്രീധനം കുറഞ്ഞുപോയതിന് ഭർത്താവ് കാർത്തിയും മാതാപിതാക്കളും ചേർന്ന് പുഷ്പാദേവിയെ കൊലപ്പെടുത്തിയതാണെന്നാണ് മരിച്ച യുവതിയുടെ ബന്ധുക്കൾ ആരോപിക്കുന്നത്. ഭർത്താവിനെയും കുടുംബത്തിനെയും കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്നാണ് യുവതിയുടെ വീട്ടുകാരുടെ നിലപാട്.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഭർതൃവീടിന്‍റെ പിന്നിലെ ഷെഡ്ഡിൽ തൂങ്ങി മരിച്ച നിലയിൽ പുഷ്പ ദേവിയെ കണ്ടെത്തിയത്. തരംഗംപാടി പെരിയമേട്ടുപാളയം സ്വദേശിയായിരുന്നു പുഷ്പാദേവി. പൂമ്പുഗർ സയനവനം തെരുവ് സ്വദേശി കാർത്തിയുമായുള്ള പുഷ്പാദേവിയുടെ വിവാഹം ഈ വർഷം ജനുവരിയിലാണ് കഴിഞ്ഞത്. അധികം വൈകാതെ പുഷ്പാദേവി ഗർഭിണിയായി.
വിവാഹ സമയത്ത് 12 പവൻ സ്വർണമാണ് സ്ത്രീധനമായി നൽകാമെന്ന് പുഷ്പാദേവിയുടെ വീട്ടുകാർ കാർത്തിയുടെ കുടുംബത്തിന് വിവാഹത്തിന് മുമ്പ് വാക്കുനൽകിയത്. എന്നാൽ ഒൻപത് പവൻ ആഭരണമേ പുഷ്പാദേവിയുടെ വീട്ടുകാർക്ക് നൽകാനായുള്ളൂ. ഇക്കാര്യം പുഷ്പാദേവിയുടെ മാതാപിതാക്കളാണ് വ്യക്തമാക്കിയത്. കാർത്തിക്ക് ബൈക്ക് വാങ്ങാൻ അൻപതിനായിരം രൂപയും പാത്രങ്ങളടക്കം വീട്ടുസാധനങ്ങളും വിവാഹ സമയത്ത് വാങ്ങി നൽകിയിരുന്നു.
സ്ത്രീധനത്തിന്റെ ബാക്കി ആവശ്യപ്പെട്ട് പുഷ്പാദേവിയെ കാർത്തിയും വീട്ടുകാരും ചേർന്ന് നിരന്തരം പീഡിപ്പിച്ചിരുന്നു എന്നാണ് മാതാപിതാക്കൾ ഇപ്പോൾ പൊലീസിൽ നൽകിയ പരാതി. മകളുടെ മരണം കൊലപാതകമാണെന്നും ഇവർ ആരോപിക്കുന്നു. പുഷ്പാദേവിയെ സ്വന്തം വീട്ടുകാരെ ഫോണിൽ വിളിക്കാൻ പോലും അനുവദിച്ചിരുന്നില്ല. മാതാപിതാക്കൾ അടുത്തിടെ മകളെ സന്ദർശിച്ചപ്പോൾ കഴുത്തിൽ മുറിവുണ്ടായിരുന്നു. കാർത്തിയേയും മാതാപിതാക്കളേയും അറസ്റ്റ് ചെയ്താൽ മാത്രമേ മകളുടെ മൃതദേഹം ഏറ്റുവാങ്ങൂ എന്ന നിലപാടിലാണ് ഇപ്പോൾ കുടുംബം. പുഷ്പാദേവിയുടെ മരണത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. മരണത്തെപ്പറ്റി അന്വേഷിച്ചുവരികയാണെന്ന് പൊലീസ് പറഞ്ഞു.