കണ്ണൂർ: കണ്ണൂരിൽ 2015 ൽ ഒൻപതാം ക്ലാസുകാരിയെ ബലാൽസംഗം ചെയ്ത കേസിൽ പ്രതിക്ക് കടുത്ത ശിക്ഷ. പട്ടുവം ചെല്ലരിയൻ ഹൗസിൽ സി എച്ച് അഭിലാഷ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയതോടെയാണ് കോടതി ശിക്ഷ വിധിച്ചത്. പ്രതിക്ക് ജീവപര്യന്തം ശിക്ഷയാണ് കോടതി വിധിച്ചത്. വിവിധ വകുപ്പുകളിലായി ആറ് വർഷം തടവ് കൂടി വിധിച്ചിട്ടുണ്ട്. തളിപ്പറമ്പിലെ പ്രത്യേക പോക്സോ കോടതിയാണ് ഇന്ന് ശിക്ഷ വിധിച്ചത്. ജീവപര്യന്തവും ആറ് വർഷം തടവ് ശിക്ഷയും ഒരുമിച്ച് അനുഭവിച്ചാൽ മതിയാകുമെന്ന് കോടതി വ്യക്തമാക്കി. പ്രതി ഒരു ലക്ഷത്തി പതിനായിരം രൂപ പിഴയൊടുക്കുകയും വേണമെന്ന് കോടതി വിധിച്ചിട്ടുണ്ട്.
2015 ഓഗസ്റ്റിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഒരു ക്രിസ്തീയ ദേവാലയത്തിലെ ക്വയർ ഗായകനായിരുന്നു അഭിലാഷ്. അവിടെ വേദപഠന ക്ലാസിനെത്തിയ ഒൻപതാം ക്ലാസുകാരിയെയാണ് ഇയാൾ ദേവാലയത്തിലെ പാട്ട് പരിശീലിക്കുന്ന ഹാളിനകത്തുവച്ച് ബലാത്സംഗം ചെയ്തത്. പെൺകുട്ടിയുടെ മാതാപിതാക്കൾ നൽകിയ പരാതിയിൽ 2016 ഫെബ്രുവരി 27ന് അഭിലാഷ് പിടിയിലായി. തളിപ്പറമ്പ് പൊലീസാണ് കേസന്വേഷിച്ചത്. ബലാൽസംഗം നടന്ന് ഏഴ് വർഷത്തിന് ശേഷമാണ് പ്രതിക്ക് ശിക്ഷ ലഭിക്കുന്നത്.