പെരുമ്പാവൂർ: പെരുമ്പാവൂർ പ്രസ് ക്ലബ്ബിന്റെ ഉടമസ്ഥാവകാശം അനൂപ് വീപ്പനാടന്‍ എന്ന മാധ്യമ പ്രവര്‍ത്തകന്‍ സ്വന്തമാക്കി. പ്രസ് ക്ലബ് പെരുമ്പാവൂർ എന്ന പേരിലുള്ള ട്രേഡ് മാർക്ക് രജിസ്ട്രേഷനും ലോഗോയും അനൂപ് വി.ജോൺ (അനൂപ് വീപ്പനാടന്‍) ന്റെ മാത്രം സ്വത്തായി മാറി. ഇനി ഇത് മറ്റാര്‍ക്കും ഉപയോഗിക്കുവാന്‍ കഴിയില്ല. അനൂപിന് ഇത് ഒരു മധുരപ്രതികാരം കൂടിയാണ്. തര്‍ക്കങ്ങളും വിഭാഗീയതയും രൂക്ഷമായതോടെയാണ് പെരുമ്പാവൂര്‍ പ്രസ് ക്ലബ്ബ് സ്വന്തമാക്കണമെന്ന് അനൂപിന് തോന്നിയത്. മാധ്യമപ്രവര്‍ത്തകര്‍ ഇവിടെ രണ്ടു ചേരിയിലായിരുന്നു. മനോരമ ലേഖകനുമായുള്ള തര്‍ക്കമാണ് ഇവിടെ രണ്ടു ഗ്രൂപ്പ് ഉടലെടുക്കുവാന്‍ കാരണമെന്ന് പറയുന്നു. ബാംഗ്ളൂര്‍ നിന്നും പ്രസിദ്ധീകരിക്കുന്ന മംഗളം ന്യൂസ് (mangalamnewsonline.com) എന്ന ഓണ്‍ ലൈന്‍ ചാനലിന്റെ ചീഫ് എഡിറ്റര്‍ ആണ് അനൂപ് വീപ്പനാടന്‍.
2020 ജൂലൈ 17നാണ് പ്രസ് ക്ലബ് പെരുമ്പാവൂർ എന്ന പേരിൽ ട്രേഡ് മാർക്ക് എടുക്കാൻ അനൂപ് അപേക്ഷ നൽകിയത്. ഇതിനിടെ സംഭവം പ്രസ് ക്ലബ് ഭാരവാഹികൾ അറിഞ്ഞിരുന്നു. അന്ന് ഇതിനെതിരെ കേസിന് പോകാൻ തീരുമാനമെടുത്തു. പിന്നീട് ചില ഭാരവാഹികൾ ഇടപെട്ട് അത് തടയുകയായിരുന്നു. അനൂപിന്റെ ബുദ്ധിപരമായ നീക്കമായിരുന്നു ഇതിനുപിന്നില്‍. എതിർക്കാൻ ആളില്ലാതായതോടെ സ്വാഭാവിക നടപടികൾ പൂർത്തിയാക്കി ട്രേഡ് മാർക്ക് ജേർണലിൽ പ്രസിദ്ധീകരിച്ചു.
ജനുവരി 2022 നാണ് ട്രേഡ് മാർക്ക് ജേർണലിൽ അനൂപ് വി.ജോൺ എന്നയാൾ പ്രസ് ക്ലബ് പെരുമ്പാവൂർ എന്ന പേരിൽ ട്രേഡ് മാർക്ക് രജിസ്റ്റർ ചെയ്യാൻ അപേക്ഷ നൽകിയിട്ടുണ്ടെന്നും എതിർപ്പ് ഉണ്ടെങ്കിൽ 90 ദിവസത്തിനുള്ളില്‍ മതിയായ രേഖകള്‍ സഹിതം പരാതി നല്‍കുവാനും അറിയിച്ചത്. എന്നാൽ പെരുമ്പാവൂർ പ്രസ് ക്ലബ്ബിന്റെ ഭാരവാഹികൾ ഇതിനെ എതിർക്കാൻ തയ്യാറായില്ല. അതോടെ അനൂപ് വി ജോൺ എന്ന വ്യക്തിക്ക് ട്രേഡ് മാർക്ക് രജിസ്റ്റർ ചെയ്ത് ലഭിച്ചു.
ഇനി അനൂപ് അവശ്യപ്പെടുന്ന മുറയ്ക്ക് പ്രസ് ക്ലബ് പെരുമ്പാവൂർ എന്ന ബോർഡും ലോഗോയും മാറ്റേണ്ടി വരും. ഇല്ലെങ്കിൽ നഷ്ട പരിഹാരമായി ഭാരവാഹികൾ കോടികൾ നൽകേണ്ടി വരും. ക്ലാസ് 38 പ്രകാരമാണ് പ്രസ് ക്ലബ് പെരുമ്പാവൂർ എന്ന പേരിൽ ട്രേഡ് മാർക്ക് എടുത്തത്. ഇതു പ്രകാരം പ്രസ് ക്ലബ് പെരുമ്പാവൂർ എന്ന പേരിൽ വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നതിന് പോലും അനൂപിന്റെ അനുവാദം വേണം.