ന്യൂഡൽഹി : ദേശീയ പതാക ഉയർത്താത്ത വീടുകളുടെ ചിത്രമെടുക്കാൻ അണികൾക്കു നിർദേശം നൽകിയ ബിജെപി ഉത്തരാഖണ്ഡ് പ്രസിഡന്റ് മഹേന്ദ്ര ഭട്ടിന്റെ നടപടിയെച്ചൊല്ലി വിവാദം.
സ്വാതന്ത്ര്യത്തിന്റെ 75–ാം വാർഷികത്തോടനുബന്ധിച്ച് കഴിഞ്ഞ ദിവസം നടന്ന പാർട്ടി പരിപാടിയിലായിരുന്നു ഭട്ടിന്റെ വിവാദ നിർദേശം. ദേശീയ പതാക ഉയർത്താത്തവരെ രാജ്യത്തിനു വിശ്വസിക്കാനാവില്ലെന്നും ആരാണു ദേശീയവാദിയെന്ന് തിരിച്ചറിയാൻ ഇതുവഴി സാധിക്കുമെന്നും ഭട്ട് പറഞ്ഞു. തുടർന്നാണ് പതാക ഉയർത്താത്ത വീടുകളുടെ ചിത്രമെടുക്കാൻ ആവശ്യപ്പെട്ടത്.
സംഭവം വിവാദമായതോടെ, ബിജെപി പ്രവർത്തകരുടെ വീടുകളെക്കുറിച്ച് മാത്രമാണ് താൻ പറഞ്ഞതെന്ന ന്യായീകരണവുമായി ഭട്ട് രംഗത്തുവന്നു. ആർഎസ്എസ് ആസ്ഥാനത്ത് മുൻപ് ദേശീയ പതാക ഉയർത്തിയിരുന്നില്ലെന്നും ഭട്ടിന്റെ മാനദണ്ഡപ്രകാരം അവരെയും വിശ്വസിക്കാനാവില്ലെന്നും സംസ്ഥാന കോൺഗ്രസ് നേതാവ് കരൺ മഹറ കുറ്റപ്പെടുത്തി.