കൊച്ചി : ഓഡിഷന്റെ മറവിൽ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ ‘പടവെട്ട്’ സിനിമയുടെ അണിയറ പ്രവർത്തകർക്കെതിരെ നടപടി ആവശ്യപ്പെട്ട് വിമൻ ഇൻ സിനിമ കലക്ടീവ് (ഡബ്ല്യുസിസി) രംഗത്ത്. പരാതിയിൽ വനിതാ കമ്മിഷൻ ഇടപെടണമെന്നും ഡബ്ല്യുസിസി ആവശ്യപ്പെട്ടു. സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് ‘പടവെട്ട്’ സിനിമയുമായി ബന്ധപ്പെട്ട പീഡന പരാതികളിൽ ഡബ്ല്യുസിസി നിലപാട് വ്യക്തമാക്കിയത്.
സിനിമയിൽ ജോലി ചെയ്യുന്ന സ്ത്രീകൾക്ക് അന്തസ്സോടെ ജീവിക്കാനാവശ്യമായ നടപടികളുമായി ബന്ധപ്പെട്ട് ശക്തമായ പ്രായോഗിക പ്രവർത്തനങ്ങൾ മുന്നോട്ടുവയ്ക്കുമെന്ന് പ്രതീക്ഷിച്ച ഹേമ കമ്മിറ്റി നിർദേശങ്ങൾ ഇപ്പോഴും കാണാമറയത്താണെന്ന ആക്ഷേപവും ഡബ്ല്യുസിസി ഉന്നയിച്ചു. പടവെട്ട് സിനിമയുടെ സംവിധായകൻ ലിജു കൃഷ്ണയ്‌ക്കു പിന്നാലെ എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ ബിബിൻ പോളിനെതിരെയും പീഡന ആരോപണം ഉയർന്ന സാഹചര്യത്തിലാണ് ഡബ്ല്യുസിസിയുടെ നിലപാട്.
തമിഴ്, തെലുങ്ക് സിനിമകളിൽ പ്രവർത്തിക്കുന്ന നടിയാണ് തനിക്കു നേരിടേണ്ടി വന്ന ദുരനുഭവം ‘വിമൻ എഗെൻസ്റ്റ് സെക്‌ഷ്വൽ ഹരാസ്മെന്റ്’ എന്ന ഫെയ്സ്ബുക്ക് പേജിലൂടെ വെളിപ്പെടുത്തിയത്. ‘‘പടവെട്ട് എന്ന സിനിമയുടെ എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസർ ബിബിൻ പോളിൽനിന്ന് എനിക്കുണ്ടായ ഏറെ മോശപ്പെട്ട അനുഭവം പങ്കുവയ്ക്കാനാണ് ഞാൻ ഇത് എഴുതുന്നത്’’ – എന്ന് പറഞ്ഞുകൊണ്ടാണ് കുറിപ്പ് ആരംഭിക്കുന്നത്.
‘‘യഥാർഥത്തിൽ ബിബിൻ പോളും ലിജു കൃഷ്ണയും ചേർന്ന് പെൺകുട്ടികളെ സിനിമ എന്ന പേരിൽ കബളിപ്പിക്കുകയാണെന്ന് എനിക്ക് കൂടുതൽ ബോധ്യമായി’’ എന്നും കുറിപ്പിലുണ്ട്. മുൻപും ലിജു കൃഷ്ണയ്ക്കെതിരെയും ഒരു പെൺകുട്ടി പരാതിപ്പെട്ടിരുന്നു. തുടർന്ന് ലിജു അറസ്റ്റിലായി