കൊച്ചി: സ്ത്രീ സുരക്ഷക്ക് പൊലീസ് തയാറാക്കിയ ‘നിർഭയം’ മൊബൈൽ ആപ് ഹിറ്റായെങ്കിലും ആപ് ഡൗൺ ലോഡ് ചെയ്തശേഷമുള്ള സഹായ സന്ദേശങ്ങളുടെ പ്രവാഹം പൊലീസിനെ വെട്ടിലാക്കി. ആപ് എല്ലാവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ പല ജില്ലയിലും നടത്തിയ പ്രത്യേക കാമ്പയിന് പിന്നാലെ ഇത് ഡൗൺലോഡ് ചെയ്തവരിൽനിന്നാണ് അവരുടെ അജ്ഞതമൂലം സഹായ സന്ദേശങ്ങൾ കൂട്ടത്തോടെ എത്താൻ തുടങ്ങിയത്.
പ്ലേ സ്റ്റോർ വഴിയാണ് ആപ് ഡൗൺലോഡ് ചെയ്യേണ്ടത്. എന്നാൽ, പൊലീസ് തന്നെ സമൂഹ മാധ്യമങ്ങളിലൂടെ ലിങ്ക് നൽകിയതോടെ ആപ്പിന് വ്യാപക പ്രചാരം ലഭിച്ചു. പൊലീസിന്‍റെ ആപ് ആണെന്നതിനാൽ വ്യാപകമായി സ്ത്രീകൾ ഡൗൺലോഡ് ചെയ്തുതുടങ്ങി. ആപ്പിലെ സഹായ ബട്ടണിൽ അഞ്ച് സെക്കൻഡ് അമർത്തിയാൽ ബന്ധപ്പെട്ട ജില്ല കൺട്രോൾ റൂമുകളിൽ വിവരം ലഭിക്കുന്ന സംവിധാനമാണുള്ളത്. ആപ്പിൽ നൽകിയ വിവരങ്ങൾ അനുസരിച്ച് പൊലീസിന് പരാതിക്കാരിയുടെ അടുത്തേക്ക് വളരെ വേഗം സഹായമെത്തിക്കാൻ കഴിയും. ഫോട്ടോ, വിഡിയോ എന്നിവ ഒറ്റക്ലിക്കിൽ പൊലീസിന് കൈമാറാനും സംവിധാനമുണ്ട്. എന്നാൽ, ഡൗൺലോഡ് ചെയ്ത പലരും ഉടൻതന്നെ ബട്ടൺ അമർത്തുന്നതാണ് പൊലീസിന് വിനയായത്.
പ്രചാരണകാലമായതിനാൽ ആപ്പിൽനിന്ന് കൺട്രോൾ റൂമിലേക്ക് അജ്ഞതമൂലം തുടർച്ചയായി സന്ദേശങ്ങൾ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും കരുതിയതിനെക്കാൾ വലിയതോതിലാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഡൗൺലോഡ് ചെയ്തതിന്‍റെ ഭാഗമായി സംഭവിച്ചതാകുമെന്ന് ഉറപ്പുണ്ടെങ്കിലും ഇത്തരം വിവരങ്ങൾ ലഭിച്ചാൽ പൊലീസ് അത് അവഗണിക്കുന്നില്ല. ഉടൻ ബന്ധപ്പെട്ടവരെ വിളിച്ച് അന്വേഷണം നടത്തുന്നുണ്ട്. ആവശ്യമായവർക്ക് സഹായം നൽകുന്നുമുണ്ട്. ഡൗൺലോഡ് ചെയ്തുകഴിഞ്ഞാൽ അത്യാവശ്യ സമയത്ത് മാത്രമേ ബട്ടൺ അമർത്താവൂവെന്ന ബോധവത്കരണം നടത്തിയാണ് ഇപ്പോൾ പ്രശ്നം പരിഹരിക്കുന്നത്. ഒരു ലക്ഷം ‘ഡൗൺലോഡ് ചലഞ്ച്’ എന്ന പേരിലാണ് കൊച്ചിയിൽ കാമ്പയിൻ നടക്കുന്നത്.