തിരുവനന്തപുരം: തിരുവനന്തപുരം മംഗലപുരത്ത് പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ബന്ധു അറസ്റ്റിൽ. രാത്രി രണ്ട് മണിക്ക് പെൺകുട്ടിയെ വീട്ടിൽ കാണാതായതോടെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ തെരച്ചിലിലാണ് പ്രണയം നടിച്ചുള്ള പീഡനം പുറത്തറിഞ്ഞത്. വിവാഹിതനും രണ്ട് കുട്ടികളുടെ അച്ഛനുമായ കഠിനംകുളം സ്വദേശി മനു മാധവിനെയാണ് പോക്സോ നിയമപ്രകാരം പൊലീസ് അറസ്റ്റു ചെയ്തത്.
അകന്ന ബന്ധുവായ പതിനാറുകാരിയെ 32 കാരനായ പ്രതി മോട്ടോർ ബൈക്കിൽ കയറ്റി പലസ്ഥലങ്ങളിലെത്തിച്ച് പീഡിപ്പിച്ചെന്നാണ് കേസ്. രാത്രി രണ്ടു മണിക്ക് പെൺകുട്ടിയെ വീട്ടിൽ നിന്ന് കാണാതായതിനെ തുടർന്ന് ബന്ധുക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. മിസ്സിംഗിന് കേസെടുത്ത പൊലീസ് അന്വേഷണം നടത്തുന്നതിനിടെ പെൺകുട്ടിയെ ബന്ധുക്കൾ തന്നെയാണ് കണ്ടെത്തി സ്റ്റേഷനിൽ ഹാജരാക്കിയത്. തുടർന്നുള്ള ചോദ്യം ചെയ്യലിലാണ് പീഡനവിവരം പുറത്തറിഞ്ഞത്.
സ്നേഹം നടിച്ച് രാത്രി കാലങ്ങളിൽ വീട്ടിലെത്തി പെൺകുട്ടിയെ ബൈക്കിൽ കയറ്റി കൊണ്ടുപോയി വിവിധ സ്ഥലങ്ങളിലെത്തിച്ചാണ് പീഡിപ്പിച്ചിരുന്നത്. ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. അതേസമയം, സംസ്ഥാനത്ത് കൊവിഡ് കാലത്ത് പോക്സോ കേസുകളുടെ എണ്ണം കുത്തനെ കൂടി. ലോക്ഡൗണിൽ കുട്ടികൾ വീടുകാർക്കൊപ്പം കഴിഞ്ഞ കാലയളവിൽ തന്നെയായിരുന്നു കൂടുതൽ പീഡനങ്ങളും നടന്നത്. ഗർഭഛിദ്രത്തിന് അനുമതി തേടി അടുത്തിടെ ഹൈക്കോടതിയിലെത്തിയ പോക്സോ കേസുകളിലെ വലിയൊരു ശതമാനം ഇരകൾ ആക്രമിക്കപ്പെട്ടതും സ്വന്തം വീടുകാരിൽ നിന്ന് തന്നെയാണ് എന്ന ഞെട്ടിക്കുന്ന വിവരങ്ങള്‍ വ്യക്തമാക്കിയ വിവരവകാശ രേഖ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.
ഓൺലൈൻ ക്ലാസുകളിലേക്ക് ഒതുങ്ങി രണ്ട് വർഷത്തെ കൊവിഡ് കാലത്ത് കുട്ടികൾ വീടുകളിൽ തന്നെയാണ് കഴിഞ്ഞത്. പത്ത്, പ്ലസ് ടു ക്ലാസുകളിലൊഴികെ ഭൂരിഭാഗം കുട്ടികളും മാസങ്ങൾ തുടർച്ചയായി സ്കൂളുകളിലേക്ക് എത്തിയില്ല. എന്നാൽ സ്വന്തം വീടുകൾ തന്നെയാണോ കുട്ടികൾക്ക് അരക്ഷിതമാകുന്നത് എന്ന ചോദ്യത്തിലേക്ക് വിരൽചൂണ്ടുന്നതാണ് ഏഷ്യാനെറ്റ് ന്യൂസിന് കിട്ടിയ വിവരാവകാശ രേഖ. 2013 മുതൽ സംസ്ഥാനത്ത് പോക്സോ കേസുകൾ കുത്തനെ കൂടുകയാണ്. 2019ൽ മുൻവർഷത്തേക്കാൾ 362 പോക്സോ കേസുകളാണ് കൂടിയത്. എന്നാൽ 2020ൽ തുടങ്ങിയ കൊവിഡ് കാലത്ത് വർധനവ് 767ലെത്തി.