തിരുവനന്തപുരം : പേട്ടയിൽ മകളുടെ ആൺസുഹൃത്തിനെ കുത്തിക്കൊന്നത് കള്ളനാണെന്ന് കരുതിയാണെന്ന മൊഴി തള്ളി പോലീസ്. കൊല്ലപ്പെട്ട അനീഷ് ജോർജിനെയും കുടുംബത്തെയും പ്രതി ലാലൻ സൈമണിന് നേരത്തെ അറിയാമെന്നും അനീഷാണെന്ന് തിരിച്ചറിഞ്ഞാണ് കുത്തിയതെന്നുമാണ് അന്വേഷണസംഘം പറയുന്നത്. പേട്ട ആനയറ ഐശ്വര്യയിൽ അനീഷ് ജോർജ് (19) ആണ് സുഹൃത്തിന്റെ വീട്ടിൽ കുത്തേറ്റ് മരിച്ചത്. സംഭവത്തിൽ പേട്ട ചായക്കുടി ലൈൻ ഏദനിൽ ലാലൻ സൈമൺ (51) നേരെ പേട്ടപോലീസിൽ കീഴടങ്ങി. ബുധനാഴ്ച പുലർച്ചെ മൂന്നരയോടെ സൈമണിന്റെ വീട്ടിലാണ് കൊലപാതകം നടന്നത്.
മോഷ്ടാവെന്ന് കരുതിയാണ് കുത്തിയതെന്നാണ് സൈമൺ പോലീസിനോട് പറഞ്ഞത്. പുലർച്ചെ ശബ്ദംകേട്ട് മുകളിലത്തെ നിലയിൽ ചെന്നുനോക്കിയപ്പോൾ അപരിചിതനെ കണ്ടപ്പോൾ മോഷ്ടാവെന്നാണ് കരുതിയത്. തുടർന്നുണ്ടായ ബലപ്രയോഗത്തിനിടയിൽ ഇയാൾക്ക് കുത്തേറ്റു. ഉടനെ സൈമൺ പോലീസ് സ്റ്റേഷനിലെത്തി പരിക്കേറ്റയാളെ ആശുപത്രിയിൽ കൊണ്ടുപോകണമെന്ന് പറയുകയായിരുന്നു. പോലീസെത്തി അനീഷിനെ ആശുപത്രിയിലേക്കു കൊണ്ടുപോകുമ്പോഴേക്കും മരിച്ചു.
ഈ മൊഴി പോലീസ് തള്ളിക്കളഞ്ഞു. അനീഷിനെയും കുടുംബത്തെയും സൈമണിനും കുടുംബത്തിനും മുൻപരിചയമുണ്ടെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുള്ളത്. വീടുകൾ തമ്മിൽ മുക്കാൽ കിലോമീറ്റർ ദൂരം മാത്രമാണുള്ളത്. മുകളിലത്തെ നിലയിലെ മുറി ചവിട്ടിത്തുറന്നാണ് സൈമൺ അകത്തുകയറിയത്. അനീഷാണെന്ന് തിരിച്ചറിഞ്ഞുതന്നെയാണ് കുത്തിയതെന്നും അന്വേഷണസംഘം പറയുന്നു. നാലാഞ്ചിറ ബഥനി കോളേജിലെ രണ്ടാംവർഷ ബി.കോം. വിദ്യാർഥിയാണ് അനീഷ് ജോർജ്. അച്ഛൻ: ജോർജ്. അമ്മ: ഡോളി. സഹോദരൻ: അനൂപ് ജോർജ്.