സോൾ : അമ്മയാനയ്ക്കൊപ്പം വെള്ളം കുടിക്കാനെത്തിയതാണ് കുട്ടിയാന. വെള്ളം കുടിച്ചുകൊണ്ടിരിക്കെ കുട്ടിയാന തടാകത്തിലേക്കു മറിഞ്ഞു വീണു. പിന്നാലെ കുട്ടിയാനയെ രക്ഷിക്കാനായി അമ്മയാനയും വെള്ളത്തിലേക്ക്. അമ്മയാനയ്ക്കൊപ്പം മറ്റൊരു ആനയും കുട്ടിയാനയെ രക്ഷിക്കാൻ ഓടിയെത്തി. ഒടുക്കം രണ്ട് ആനകളും കൂടി ആനക്കുട്ടിയെ പുറത്തെത്തിച്ചു. സോളിലെ മൃഗശാലയിലുണ്ടായ ഈ സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി.
അപകടങ്ങളിൽപ്പെട്ട് രക്തം വാർന്ന് മനുഷ്യൻ കിടന്നാലും തിരിഞ്ഞുനോക്കാതെ പോകുന്നവർക്കിടയിലാണ് സഹജീവി സ്നേഹത്തിന്റെ മാതൃകയായി ഈ ദൃശ്യം മാറുന്നതെന്ന് വിഡിയോയുടെ കമന്റുകളിൽ ആളുകൾ പ്രതികരിച്ചു. കുട്ടിയാന വെള്ളത്തിൽ വീണതിനു പിന്നാലെ ഒട്ടും അമാന്തിച്ചു നിൽക്കാതെയാണ് അമ്മയാനയും മറ്റൊരു ആനയും കൂടി വെള്ളത്തിലേക്ക് ഇറങ്ങിച്ചെല്ലുന്നത്. കുട്ടിയാനയുടെ തുമ്പിക്കൈ വെള്ളത്തിനു മുകളിലേക്ക് ഉയർത്തിപ്പിടിക്കാനും ഇവർ നോക്കുന്നുണ്ട്.
ഇതിനിടയിൽ തൊട്ടപ്പുറത്തെ വേലിക്കടുത്ത് മറ്റൊരു ആനയും വെപ്രാളത്തോടെ ഓടിനടക്കുന്നത് കാണാം. വേലി കടന്ന് ഇപ്പുറത്തേക്ക് വരാൻ കഴിയാത്തതിനാൽ നിസ്സഹായതയോടെയാണ് ആനയുടെ ഓട്ടം. കുട്ടിയാനയെയും കൂട്ടി മറ്റു രണ്ടാനകൾ നടന്നു വരുമ്പോൾ അവർക്കരികിലേക്ക് ഈ ആനയും ഓടിയെത്തുന്നത് കാണാം.
In the Seoul zoo, two elephants rescued baby elephant drowned in the pool pic.twitter.com/zLbtm84EDV
— Gabriele Corno (@Gabriele_Corno) August 13, 2022