കൊല്‍ക്കത്ത : താരങ്ങള്‍ക്കും സപ്പോര്‍ട്ടിങ് സ്റ്റാഫ് അംഗങ്ങള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ഐ ലീഗ് മത്സരങ്ങള്‍ അനിശ്ചിത കാലത്തേക്ക് നീട്ടിവച്ചു. താരങ്ങളുടെ രണ്ടാം റൗണ്ട് കൊവിഡ് പരിശോധനകള്‍ക്ക് ശേഷം മത്സരങ്ങള്‍ പുനരാരംഭിക്കുന്നതിനെക്കുറിച്ച് തീരുമാനിക്കുമെന്ന് ഫെഡറേഷന്‍ അറിയിച്ചു. ആരംഭിച്ച് നാല് ദിവസത്തിനകമാണ് ടൂര്‍ണമെന്റ് നീട്ടുന്നത്. ലീഗില്‍ പങ്കെടുക്കുന്ന 15 ഓളം പേര്‍ക്കാണ് കഴിഞ്ഞ ദിവസങ്ങളില്‍ കൊവിഡ് സ്ഥിരീകരിച്ചത്. റിയല്‍ കാശ്മീര്‍, ശ്രീനിധി ഡെക്കാന്‍, മൊഹമ്മദന്‍ എസ് സി എന്നീ ടീമുകളുടെ ക്യാമ്പിലാണ് കൊവിഡ് കേസുകള്‍ കണ്ടെത്തിയിട്ടുള്ളത്.
അതേസമയം ശക്തമായ ബയോ ബബിളിനുള്ളില്‍ നിന്ന് പരിശീലനം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ നടത്തിയിട്ടും കൊവിഡ് പടര്‍ന്നുപിടിച്ചത് സംഘാടകരുടെ അനാസ്ഥകാരണമാണെന്ന് ആക്ഷേപങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. എല്ലാ ടീമുകളും തങ്ങളുടെ ഓരോ മത്സരങ്ങള്‍ വീതം പൂര്‍ത്തിയാക്കിയതിനാല്‍ കൊവിഡ് കേസുകള്‍ കൂടാനും സാധ്യതയുണ്ട്.