ദില്ലി: രാജ്യത്തിന് സ്വാതന്ത്ര്യ ദിനാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ആശംസകൾ നേർന്നത്. വളരെ പ്രത്യേകതയുള്ള ഒരു ദിനമാണ് ഇതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. എഴുപത്തിയാറാം സ്വാതന്ത്ര്യദിനാഘോഷ നിറവിലാണ് രാജ്യം. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തും. അതിനു ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്യും. ചെങ്കോട്ടയിലെ സ്വാതന്ത്രദിനാഘോഷ ചടങ്ങുകളിലേക്ക് എഴായിരം പേരെയാണ് ക്ഷണിച്ചിരിക്കുന്നത്.
അങ്കണവാടി ജീവനക്കാര്‍, തെരുവ് കച്ചവടക്കാർ, മോർച്ചറി ജീവനക്കാർ തുടങ്ങിയവരിലെ തെരഞ്ഞെടുക്കപ്പെട്ടവർക്കും ചടങ്ങിലേക്ക് പ്രത്യേക ക്ഷണമുണ്ട്. ഇന്ത്യ ആദ്യമായി തദ്ദേശീയമായി വികസിപ്പിച്ച പീരങ്കി ഉപയോഗിച്ചാകും സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ ആചാര വെടി മുഴക്കുക.സ്വാതന്ത്ര്യ ദിനാഘോഷത്തിന്‍റെ സാഹചര്യത്തില്‍ രാജ്യതലസ്ഥാനത്തും തന്ത്ര പ്രധാന മേഖലകളിലും അതീവ സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
സ്വാതന്ത്യദിനാഘോഷത്തിന്റെ ഭാഗമായി കേരളത്തിലും വിപുലമായ ഒരുക്കങ്ങൾ ആണ്. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ദേശീയ പതാക ഉയർത്തും. സേനാ വിഭാഗങ്ങളെ അഭിവാദ്യം ചെയ്യും. പൊലീസ് മെഡലുകൾ ചടങ്ങിൽ വിതരണം ചെയ്യും. രാജ്ഭവനിലും വിപുലമായ ആഘോഷ പരിപാടികൾ നടക്കും. പൊലീസ് ആസ്ഥാനത്ത് രാവിലെ 11 മണിക്കാണ് പതാക ഉയർത്തലും തുടർന്നുള്ള ആഘോഷചടങ്ങുകളും നടക്കുക.