ദില്ലി: ദേശീയ പതാക ഉയർത്തി ചെങ്കോട്ടയിൽ രാജ്യത്തെ അഭിസംബോദന ചെയ്ത് സംസാരിക്കുന്നതിനിടെ വി.ഡി സവർക്കറേയും അനുസ്മരിച്ച് പ്രധാന മന്ത്രി നരേന്ദ്ര മോദി. ‘ബാപു, നേതാജി സുഭാഷ് ചന്ദ്രബോസ്, ബാബാസാഹിബ് അംബേദ്കർ, വീർ സവർക്കർ എന്നിവർ രാജ്യത്തിന് വേണ്ടി ജീവൻ ത്യജിച്ചതിൽ പൗരന്മാർ അവരോട് എന്നും കടപ്പെട്ടിരിക്കുന്നു’- പ്രധാനമന്ത്രിയുടെ വാക്കുകൾ ഇങ്ങനെ.
സ്വാതന്ത്ര്യ ദിന പരസ്യത്തിൽ നിന്ന് നെഹ്രുവിനെ ഒഴിവാക്കി സവർക്കറുടെ ചിത്രം ഉൾപ്പെടുത്തിയ കർണാടക സർക്കാർ നടപടി വിവാദമായതിന് പിന്നാലെയാണ് സവർക്കറെ പരാമർശിച്ചുകൊണ്ടുള്ള മോദിയുടെ പ്രസംഗവും.
ഇന്ന് രാവിലെ 7.30 ഓടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തിയത്. തുടർന്ന് വ്യോമസേനാ ഹെലികോപ്ടറുകൾ ചെങ്കോട്ടയിൽ പുഷ്പവൃഷ്ടി നടത്തി.
ചെങ്കോട്ടയിൽ എൻസിസിയുടെ സ്‌പെഷ്യൽ യൂത്ത് എക്‌സ്‌ചേഞ്ച് പ്രോഗ്രാമിന്റെ ഭാഗമായി 14 ഇടങ്ങളിൽ നിന്നായി 127 കേഡറ്റുകളാണ് എത്തിയിരിക്കുന്നത്.
ചരിത്രത്തിലാദ്യമായി ഇത്തവണ സെറിമോണിയൽ 21-ഗൺ സല്യൂട്ടിന് തദ്ദേശീയമായി നിർമിച്ച ഹോവിറ്റ്‌സർ തോക്കുകളാകും ഉപയോഗിക്കുക. ഡിആർഡിഒ വികസിപ്പിച്ച അഡ്വാൻസ്ഡ് ടോഡ് ആർടില്ലറി ഗൺ സിസ്റ്റം പ്രധാനമന്ത്രിയുടെ മേക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ പ്രധാന ഉത്പന്നങ്ങളിലൊന്നാണ്.