ന്യൂയോർക്ക് : വധശ്രമത്തിൽ പരുക്കേറ്റ നോവലിസ്റ്റ് സൽമാൻ റുഷ്ദിയുടെ (75) ആരോഗ്യനില മെച്ചപ്പെട്ടു. അദ്ദേഹത്തിന് സംസാരിക്കാൻ കഴിയുന്നതായും വെന്റിലേറ്റർ നീക്കിയതായും ഷട്ടോക്വ ഇൻസ്റ്റിറ്റ്യൂഷൻ ഡയറക്ടർ മിഷേൽ ഹിൽ അറിയിച്ചു. റുഷ്ദിയുടെ ആരോഗ്യനില മെച്ചപ്പെട്ട കാര്യം റുഷ്ദിയുടെ ബുക്ക് ഏജന്റ് ആൻഡ്രൂ വൈലിയും സ്ഥിരീകരിച്ചു.
പത്തോളം കുത്തുകളാണു റുഷ്ദിയുടെ ശരീരത്തിലേറ്റതെന്നാണു റിപ്പോർട്ടുകൾ. മുൻകഴുത്തിൽ വലതു വശത്തു മൂന്നും വയറ്റിൽ നാലും കുത്തുകളേറ്റിട്ടുണ്ട്. വലതു കണ്ണിലും നെഞ്ചിലും വലതു തുടയിലും മുറിവേറ്റതായും പൊലീസ് പറയുന്നു. മുൻകൂട്ടി ആസൂത്രണം ചെയ്തു നടപ്പാക്കിയ വധശ്രമമാണിതെന്നു പ്രോസിക്യൂഷൻ കോടതിയിൽ നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കി.
പ്രതി ഹാദി മതാറിന് (24) കോടതി ജാമ്യം നിഷേധിച്ചു. വധശ്രമത്തിനും ആക്രമണത്തിനുമാണു കേസെടുത്തത്. 32വർഷം വരെ തടവു ലഭിക്കാവുന്ന കുറ്റകൃത്യമാണിത്. കലിഫോർണിയയിൽ ജനിച്ച ജനിച്ച മതാർ അടുത്തിടെയാണ് ന്യൂജഴ്സിയിലെത്തിയത്. പ്രതിയുടെ പിതാവ് തെക്കൻ ലെബനനിൽനിന്ന് അമേരിക്കയിലേക്ക് കുടിയേറിയതാണ്.
കലാകാരന്റെ സ്വാതന്ത്ര്യം എന്ന വിഷയത്തിൽ ഷട്ടോക്വ ഇൻസ്റ്റിറ്റ്യൂഷനിൽ പ്രസംഗിക്കാൻ എത്തിയപ്പോഴാണു റുഷ്ദിക്കു നേരെ ആക്രമണമുണ്ടായത്.
റുഷ്ദിക്കു നേരെ നടന്ന ആക്രമണം ഞെട്ടിപ്പിക്കുകയും വേദനിപ്പിക്കുകയും ചെയ്തതായി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. റുഷ്ദിയോടും അഭിപ്രായസ്വാതന്ത്ര്യത്തിനുവേണ്ടി നിലകൊള്ളുന്നവരോടും ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായും ബൈഡൻ പറഞ്ഞു. പ്രസംഗമോ എഴുത്തോ വഴിയുള്ള ആശയാവിഷ്കാരത്തോടുള്ള പ്രതികരണം അക്രമം അല്ലെന്നും റുഷ്ദിക്കു നേരെ നടന്നത് ഭയാനകമായ സംഭവമാണെന്നും യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു.
അതിനിടെ റുഷ്ദിക്ക് കുത്തേറ്റതിനെ അപലപിച്ച ഹാരി പോട്ടർ രചയിതാവ് ജെ.കെ. റൗളിങ്ങിന് ഭീഷണിസന്ദേശം കിട്ടിയതിനെപ്പറ്റി സ്കോട്‌ലൻഡ് പൊലീസ് അന്വേഷണം തുടങ്ങി. ‘വിഷമിക്കേണ്ട, അടുത്തത് നിങ്ങളാണ്’ എന്നായിരുന്നു റൗളിങ്ങിന്റെ പോസ്റ്റിന് കീഴെ ഭീഷണി. പാക്കിസ്ഥാനിൽ നിന്നാണ് സന്ദേശമെന്നാണു സൂചന.




















