മസ്‌കറ്റ്: ഒമാനിലെ റൂവി ഹൈസ്ട്രീറ്റിലെ പ്രമുഖ മലയാളി ഗ്രൂപ്പിന്റെ ജുവലറിയില്‍ കവര്‍ച്ച നടത്തിയ മൂന്നുപേരെ റോയല്‍ ഒമാന്‍ പൊലീസ് പിടികൂടി. പിടിയിലായ മൂന്നുപേരും ഏഷ്യന്‍ വംശജരാണ്. മോഷ്ടിച്ച സ്വര്‍ണാഭരണങ്ങള്‍ ഇവരില്‍ നിന്ന് കണ്ടെടുത്തു. രാജ്യത്ത് നിന്ന് കടത്താനായി ആഭരണങ്ങള്‍ ഉരുക്കിയാണ് ഇവര്‍ സൂക്ഷിച്ചതെന്ന് റോയല്‍ ഒമാന്‍ പൊലീസ് പ്രസ്താവനയില്‍ അറിയിച്ചു.
മോഷ്ടാക്കളെ ഞായറാഴ്ച ജുവലറിയില്‍ കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തി. വ്യാഴാഴ്ച പുലര്‍ച്ചെയാണ് ജുവലറിയില്‍ കവര്‍ച്ച നടന്നത്. ഷട്ടര്‍ മുറിച്ച് അകത്തുകടന്ന ഇവര്‍ ഗ്ലാസ് ഡോര്‍ തകര്‍ത്താണ് ആഭരണങ്ങള്‍ കവര്‍ന്നത്. എട്ടു മിനിറ്റുകൊണ്ടാണ് കവര്‍ച്ച നടത്തി മടങ്ങിയത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് അല്‍ ഖുവൈറിലെ താമസസ്ഥലത്ത് നിന്ന് മോഷ്ടാക്കളെ പിടികൂടിയത്. ഇവര്‍ അഫ്ഗാനിസ്ഥാന്‍ സ്വദേശികളാണെന്നാണ് സൂചന.