ന്യൂഡൽഹി: സ്വാതന്ത്ര്യ ദിനത്തിൽ പട്ടം പറത്തുന്നത് വടക്കെ ഇന്ത്യയിലെ പ്രധാന വിനോദമാണ്. എന്നാൽ, ഇതിൽ പതുങ്ങിയിരിക്കുന്ന അപകടം ആരും ശ്രദ്ധിക്കുന്നില്ല. പട്ടത്തിലല്ല, മറിച്ച് പറത്താൻ ഉപയോഗിക്കുന്ന ചരടിലാണ് അപകടം. ഇപ്പോൾ നൈലോൺ ചരടുകളാണ് ഉപയോഗത്തിൽ. ഗ്ലാസ് പൂശിയ ചരടുകളെ ചൈനീസ് മഞ്ജ എന്നും പറയാറുണ്ട്. പരുത്തി കൊണ്ടുള്ള കയറിനേക്കാൾ വില കുറവായത് കാരണം ആളുകൾക്ക് പ്രിയം നൈലോണിനോടാണ്.
പൊട്ടിയ പട്ടം പലയിടത്തായി കറങ്ങി നടക്കുന്നതും എല്ലാ വർഷവും ജൂലൈ-ആഗസ്റ്റ് മാസങ്ങളിൽ അപകടം സംഭവിക്കുന്നതും വർധിക്കുകയാണ്. പറന്നുപോയ ഒരു പട്ടത്തിന്‍റെ നൂൽ കുടുങ്ങി കഴുത്തറ്റ് ആഗസ്റ്റ് 12ന് 34കാരനായ ബൈക്ക് യാത്രികൻ മരിച്ചിരുന്നു. ഡൽഹി ശാസ്ത്രി റോഡ് പാർക്ക് പരിസരത്തായിരുന്നു ദുരന്തം. 2016ൽ മൂന്നും നാലും വയസ്സുള്ള രണ്ട് കുട്ടികൾ പട്ടത്തിന്‍റെ ചരട് കഴുത്തിൽ കുരുങ്ങി മരിച്ചിരുന്നു. അപകടങ്ങൾ കൂടുന്നത് കാരണം മാസങ്ങൾക്കകം ഡൽഹി സർക്കാരും 2017ൽ ദേശീയ ഹരിത ട്രൈബ്യൂണലും ഗ്ലാസ് പൂശിയ ഇത്തരം ചരടുകൾ നിരോധിച്ചു.
എന്നിട്ടും നൈലോൺ ചരടുകൾ വിപണിയിലുണ്ട്. പരുത്തി ചരടുകൾക്ക് 1200 രൂപ വരെ വിലയുള്ളപ്പോൾ നൈലോൺ ചരടുകൾക്ക് 300 രൂപ മാത്രമാണ് വിലയെന്നതാണ് ഇവ വാങ്ങുന്നതിന് പിന്നിലെ പ്രധാന കാരണം. നൈലോൺ ചരടുകളുടെ നിർമാണം നിർത്തലാക്കുന്നത് വരെ ഇത്തരം അപകടങ്ങൾ തുടരുമെന്ന് ജനങ്ങൾ ആശങ്കപ്പെടുന്നു.പട്ടം പൊട്ടിക്കുന്ന ജീവനുകൾ; സ്വാതന്ത്ര്യ ദിനത്തിൽ വടക്കേ ഇന്ത്യയിൽ ജനം പട്ടങ്ങളെ കരുതിയിരിക്കുന്നു.