തിരുവനന്തപുരം : പാലക്കാട് മരുതറോഡില്‍ സിപിഎം ലോക്കല്‍ കമ്മിറ്റിയംഗവും ബ്രാഞ്ച് സെക്രട്ടറിയുമായ ഷാജഹാനെ വെട്ടിക്കൊലപ്പെടുത്തിയത് ആര്‍എസ്‌എസ് – ബിജെപി സംഘമാണെന്ന നിലപാട് ആവർത്തിച്ച് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. കൊലപാതകത്തില്‍ ശക്തമായി പ്രതിഷേധിക്കുകയും കൊലയാളി സംഘങ്ങളെ ഒറ്റപ്പെടുത്തുകയും വേണമെന്ന് സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ഷാജഹാനെ കൊലപ്പെടുത്തിയത് സിപിഎമ്മുകാർ ആണെന്ന വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിലാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രത്യേകം പ്രസ്താവനയിറക്കിയത്.
ഷാജഹാനെ കൊലപ്പെടുത്തിയവർക്ക് കഞ്ചാവ് മാഫിയയുമായും ക്രിമിനൽ സംഘങ്ങളുമായും ബന്ധമുണ്ടെന്നും സെക്രട്ടേറിയറ്റ് ആരോപിച്ചു. ഇവരുടെ കഞ്ചാവ് വില്‍പ്പനയടക്കമുള്ള ക്രിമിനല്‍ പ്രവര്‍ത്തനങ്ങളെ ഷാജഹാന്റെ നേതൃത്വത്തില്‍ ചോദ്യം ചെയ്‌തതും തടയാന്‍ ശ്രമിച്ചതുമാണ് കൊല നടത്താനുള്ള പ്രേരണയെന്നും പ്രസ്താവനയിൽ ആരോപണമുണ്ട്. ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിക്കാന്‍ ഷാജഹാന്റെ നേതൃത്വത്തില്‍ ബോര്‍ഡ് വച്ചപ്പോള്‍, അതു മാറ്റി അതേ സ്ഥലത്ത് ശ്രീകൃഷ്‌ണജയന്തിയുടെ ബോര്‍ഡ് വയ്‌ക്കാന്‍ ആര്‍എസ്‌എസ് സംഘം ശ്രമിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനൊടുവിലാണ് ഷാജഹാനെ വെട്ടി വീഴ്‌ത്തിയതെന്നും സെക്രട്ടേറിയറ്റ് ആരോപിച്ചു.