തിരുവനന്തപുരം: പാലക്കാട് മലമ്പുഴയിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയും ലോക്കൽ കമ്മിറ്റി അംഗവുമായ ഷാജഹാൻ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികരണവുമായി പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. കൊലപാതകത്തെ അപലപിക്കുന്നു. പൊലീസ് അന്വേഷിക്കട്ടെ. കേസിലെ വിവരങ്ങള്‍ പുറത്തുവരട്ടെയെന്നും വി ഡി സതീശന്‍ പറഞ്ഞു. സംഭവത്തിൽ ദൃക്സാക്ഷിയുടെ മൊഴിയിൽ ഗൗരവമായ അന്വേഷണം നടത്തണം. അന്വേഷണ ഘട്ടത്തിൽ അഭിപ്രായം പറയുന്നത് ശരിയല്ല. സിപിഎം നേതൃത്വം നടത്തിയ പ്രസ്താവന അന്വേഷണത്തെ ബാധിക്കും. എല്ലാ സംഭവങ്ങളിലും സിപിഎം മറ്റുള്ളവരുടെ മേൽ പഴിചാരുന്നവരാണ്. നാട്ടിൽ നടക്കുന്ന സ്വർണ്ണക്കടത്ത്, മയക്കുമരുന്ന്, അക്രമ പ്രവർത്തനങ്ങൾ എന്നിവയിൽ എല്ലാം സിപിഎമ്മിന് പങ്കുണ്ടെന്നും വി ഡി സതീശൻ കോഴിക്കോട് പറഞ്ഞു.
ഇന്നലെ രാത്രിയാണ് കുന്നംങ്കാട് ജംഗ്ഷനില്‍ വച്ച് ഷാജഹാൻ കൊല്ലപ്പെട്ടത്. ബൈക്കിലെത്തിയ രണ്ട് സംഘം ഷാജഹാനെ വെട്ടിവീഴ്ത്തുകയായിരുന്നു. കഴുത്തിനും കാലിനുമേറ്റ വെട്ടുകളെ തുടര്‍ന്നാണ് ഷാജഹാന്‍ മരിച്ചതെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ശരീരത്തിലേറ്റ പത്ത് വെട്ടുകളിൽ 2 എണ്ണം ആഴത്തിലുള്ളതാണ്. കയ്യും കാലും അറ്റുതൂങ്ങിയ നിലയിലായിരുന്നുവെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ട്. ഷാജഹാന്‍റെ ഇടത് കയ്യിലും ഇടത് കാലിലുമാണ് വെട്ടേറ്റത്. മുറിവുകളിൽ നിന്ന് അമിത രക്തസ്രാവം ഉണ്ടായി എന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ട്.
ഷാജഹാന്‍റെ കൊലപാതകത്തിന് പിന്നില്‍ ആര്‍എസ്എസ് തന്നെയെന്നാണ് സിപിഎം വാദം. ക്രിമിനൽ പ്രവർത്തനം ചോദ്യം ചെയ്തത് കൊലപാതകത്തിന് പ്രേരണയായെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ ആരോപിക്കുന്നു. കൊലപാതകത്തിന് ശേഷം വ്യാജപ്രചാരണം അഴിച്ചുവിടുന്നത് കൊടും ക്രൂരതയാണെന്നും സിപിഎം കുറ്റപ്പെടുത്തി. ഷാജഹാന്‍റെ നേതൃത്വത്തിൽ വിദ്യാർത്ഥികളെ അനുമോദിക്കാൻ വെച്ച ബോർഡ് ആര്‍എസ്എസ് എടുത്ത് മാറ്റി. പകരം ശ്രീകൃഷ്ണ ജയന്തി ബോർഡ് വെച്ചു. ഇതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ പറയുന്നു. ഷാജഹാന്‍റെ കൊലപാതക കേസിലെ പ്രതികൾക്ക് കഞ്ചാവ് മാഫിയയുമായി ബന്ധമുണ്ടെന്നും പ്രസ്താവനയില്‍ ആരോപിക്കുന്നു.
അതേസമയം, ഷാജഹാന്‍റെ കൊലപാതകത്തിൽ പങ്കുണ്ടെന്ന ആരോപണം ബിജെപി തള്ളുകയാണ്. കൊലപാതകവുമായി ബിജെപിക്ക് ബന്ധമില്ലെന്നും സിപിഎമ്മിലെ പ്രാദേശിക വിഭാഗീയത മറച്ച് വയ്ക്കാനാണ് ബിജെപിയെ മറയാക്കുന്നതെന്നും സംസ്ഥാന സെക്രട്ടറി സി കൃഷ്ണകുമാർ ആരോപിച്ചു. പ്രതികളുടെ സിപിഎം അനുകൂല സാമൂഹിക മാധ്യമ പോസ്റ്റുകൾ പങ്കുവച്ചാണ് സിപിഎം പ്രചാരണത്തിനെതിരെ ബിജെപി രംഗത്തെത്തിരിക്കുന്നത്. ഷാജഹാൻ കൊലപ്പെട്ടത് രാഷ്ട്രീയ വിരോധം മൂലമെന്ന് എഫ്ഐആറിനും സിപിഎം ആരോപണങ്ങൾക്കും പിന്നാലെയാണ് ബിജെപി മറുപടിയുമായി രംഗത്തെത്തിയത്.