ദോഹ: വിദേശത്തു നിന്ന് ലഹരി ഗുളികകള്‍ ഖത്തറിലേക്ക് കടത്താനുള്ള ശ്രമം കസ്റ്റംസ് അധികൃതര്‍ പരാജയപ്പെടുത്തി. ഖത്തറിലെ എയര്‍ കാര്‍ഗോ ആന്റ് പ്രൈവറ്റ് എയര്‍പോര്‍ട്ട്സ് കസ്റ്റംസിന് കീഴിലുള്ള പോസ്റ്റല്‍ കണ്‍സൈന്‍മെന്റ്‍സ് വിഭാഗമാണ് നടപടി സ്വീകരിച്ചത്. കുട്ടികളുടെ കളിപ്പാട്ടങ്ങള്‍ രാജ്യത്തേക്ക് കൊണ്ടുവന്ന ഒരു പാര്‍സലിലായിരുന്നു ലഹരി ഗുളികകള്‍ ഉണ്ടായിരുന്നത്.
വിശദമായ പരിശോധനയില്‍ രണ്ട് തരത്തിലുള്ള ലഹരി ഗുളികകള്‍ കളിപ്പാട്ടങ്ങള്‍ക്കിടയില്‍ ഒളിപ്പിച്ചിട്ടുണ്ടെന്ന് കസ്റ്റംസ് കണ്ടെത്തുകയായിരുന്നു. ഒരു വിഭാഗത്തില്‍ പെടുന്ന 560 ലഹരി ഗുളികകളും മറ്റൊരു തരത്തിലുള്ള 289 ഗുളികകളുമാണ് കണ്ടെടുത്തത്. ഇവയുടെ ചിത്രങ്ങള്‍ കസ്റ്റംസ് അധികൃതര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിടുകയും ചെയ്‍തു.
ഖത്തറിലേക്ക് കൊണ്ടുവരികയും ഖത്തറില്‍ നിന്ന് കയറ്റി അയക്കുകയും ചെയ്യുന്ന എല്ലാ സാധനങ്ങളും കര്‍ശന പരിശോധനയ്‍ക്ക് വിധേയമാക്കുന്നത് തുടരുകയാണെന്ന് ജനറല്‍ അതോറിറ്റി ഓഫ് കസ്റ്റംസ് അറിയിച്ചു. എല്ലാ തരത്തിലുമുള്ള കള്ളക്കടത്തുകള്‍ തടയാനായും അത്തരത്തിലുള്ള എന്തെങ്കിലും ശ്രമങ്ങള്‍ നടക്കുന്നുണ്ടെങ്കില്‍ ബന്ധപ്പെട്ട എല്ലാ വിഭാഗങ്ങളുമായും ചേര്‍ന്ന് അത് പ്രതിരോധിക്കാനും ശ്രമങ്ങള്‍ നടത്തുകയാണെന്നും സോഷ്യല്‍ മീഡിയയിലൂടെ അധികൃതര്‍ അറിയിച്ചു.
കഴിഞ്ഞയാഴ്‍ച ഹമദ് അന്താരാഷ്ട്ര വിമാനത്താവളം വഴി മയക്കുമരുന്ന് കടത്താനുള്ള ശ്രമങ്ങള്‍ കസ്റ്റംസ് അധികൃതര്‍ പരാജയപ്പെടുത്തിയിരുന്നു. രാജ്യത്തേക്ക് വരികയായിരുന്ന ഒരു യാത്രക്കാരന്‍ കൊണ്ടുവന്ന കാര്‍ട്ടണ്‍ ബോക്സിലാണ് അന്ന് ഹാഷിഷ് കണ്ടെടുത്തത്. രണ്ട് കിലോയിലധികം ഹാഷിഷ് ആണ് ലഗേജിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ കൊണ്ടുവന്നത്.
2061 ഗ്രാം മയക്കുമരുന്നുണ്ടായിരുന്നു ഇയാളുടെ കൈവശം. സാധനങ്ങള്‍ പിടിച്ചെടുക്കുകയും ഇയാള്‍ക്കെതിരെ നിയമപ്രകാരമുള്ള തുടര്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്‍തതായി ഖത്തര്‍ കസ്റ്റംസ് അറിയിച്ചു. ഈ മാസം നേരത്തെയും ഖത്തറിലേക്ക് മയക്കുമരുന്ന് കടത്താനുള്ള ശ്രമങ്ങള്‍ കസ്റ്റംസ് അധികൃതര്‍ വിഫലമാക്കിയിരുന്നു. എയര്‍ കാര്‍ഗോ ആന്റ് പ്രൈവറ്റ് എയര്‍പോര്‍ട്ട്സ് കസ്റ്റംസിന് കീഴിലുള്ള പോസ്റ്റല്‍ കണ്‍സൈന്‍മെന്റ്സ് വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ കഴിഞ്ഞയാഴ്‍ച ക്രിസ്റ്റല്‍ മെത്ത് കടത്താനുള്ള ശ്രമമാണ് പരാജയപ്പെടുത്തിയത്.
വിദേശത്തു നിന്ന് ഖത്തറിലേക്ക് കൊണ്ടുവന്ന വാട്ടര്‍ ഫില്‍ട്ടറുകള്‍ക്കുള്ളില്‍ ഒളിപ്പിച്ച നിലയിലാണ് ക്രിസ്റ്റല്‍ മെത്ത് എന്ന മയക്കുമരുന്ന് കൊണ്ടുവന്നത്. ആകെ 900 ഗ്രാം മയക്കുമരുന്നാണ് ഇങ്ങനെ കടത്താന്‍ ശ്രമിച്ചത്. എന്നാല്‍ കസ്റ്റംസ് നടത്തിയ പരിശോധനയില്‍ ഇത് കണ്ടെത്തി പിടികൂടുകയായിരുന്നു.