ദില്ലി: ഇതര സംസ്ഥാന ലോട്ടറികളെ നിയന്ത്രിക്കാൻ കേരള സർക്കാരിന് അധികാരമുണ്ടെന്ന ഹൈക്കോടതി വിധിക്കെതിരെ നാഗാലാൻഡ് സർക്കാർ നൽകിയ അപ്പീൽ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ലോട്ടറി നിയന്ത്രണത്തിന് ചട്ടങ്ങൾ രൂപീകരിക്കാൻ അധികാരം കേന്ദ്രത്തിനാണെന്ന് ആണ് ഹർജിയിൽ പറയുന്നത്. കേരളം കൊണ്ടുവന്ന ലോട്ടറി ചട്ടഭേദഗതിയും ഹർജിയിൽ ചോദ്യം ചെയ്യുന്നുണ്ട്. സംസ്ഥാനത്തിന്റെ ഭാഗം കേൾക്കണം എന്നാവശ്യപ്പെട്ട് കേരളം തടസ ഹർജി നൽകിയിട്ടുണ്ട്.സംസ്ഥാനത്തിനായി സ്റ്റാൻഡിംഗ് കൗൺസൽ സി.കെ ശശിയാകും ഹാജരാകുക
ഇതര സംസ്ഥാന ലോട്ടറിക്ക് കേരളത്തിൽ വിൽപനാനുമതിയില്ലെന്ന സര്‍ക്കാര്‍ ഉത്തരവ് ശരിവച്ച് ഹൈക്കോടതി വിധി വന്നത് 2021മേയ് 17 ന് ആണ്. ഇവിൽപ്പന നിയന്ത്രിച്ച് സംസ്ഥാന സർക്കാർ കൊണ്ടുവന്ന നിയമ ഭേദഗതി ഹൈക്കോടതി ഡിവിഷൻ ബഞ്ച് ശരിവെയ്ക്കുകയായിരുന്നു. സർക്കാറിന്‍റെ വിജ്ഞാപനം റദ്ദാക്കിയ സിംഗിൾ ബഞ്ച് ഉത്തരവ് ഡിവിഷൻ ബഞ്ച് റദ്ദാക്കി. 2006 മുതൽ നടത്തിയ നിയമ യുദ്ധമായിരുന്നു ഇത്.
ഇതര സംസ്ഥാന ലോട്ടറികളുടെ കേരളത്തിലെ പ്രവർത്തനം തടയാൻ 2018 ലാണ് സർക്കാർ നിയമ ഭേദഗതി കൊണ്ടുവന്നത്. പേപ്പർ ലോട്ടറി നിയമത്തിലും, വിൽപ്പന നികുതി നിയമത്തിലുമായിരുന്നു ഭേദഗതികൾ. സാന്‍റിയോഗോ മാർട്ടിൻ ഡയറക്ടർ ആയ പാലക്കാട്ടെ ഫ്യൂച്ചർ ഗെയിംമിംഗ് സൊലൂഷന് പുതിയ ഭേദഗതി അനുസരിച്ച് സർക്കാർ പ്രവർത്തനാനുമതി നിഷേധിക്കുകയും ചെയ്തു. ഇതിനെതിരെ കമ്പനി നൽകിയ ഹർജിയിലാണ് സിംഗിൾ ബഞ്ച് സർക്കാർ ഉത്തരവ് റദ്ദാക്കിയത്.
ലോട്ടറി കേന്ദ്ര വിഷയമാണെന്നും നിയമം കൊണ്ടുവരാൻ സംസ്ഥാനത്തിന് അധികാരമില്ലെന്നുമായിരുന്നു വിധി. ഇതിനെതിരെയാണ് സംസ്ഥാന സർക്കാർ അപ്പീലുമായി ഡിവിഷൻ ബഞ്ചിനെ സമീപിച്ചത്. ഇതര സംസ്ഥാന ലോട്ടറികൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയ സർക്കാർ ഉത്തരവ് നിയമപരമാണെന്ന് ഡിവിഷൻ ബഞ്ച് വ്യക്തമാക്കി. സർക്കാർ വിജ്ഞാപനം റദ്ദാക്കി ലോട്ടറികൾക്ക് പ്രവർത്തനാനുമതി നൽകിയ സിംഗിൾ ബഞ്ച് ഉത്തരവ് കോടതി റദ്ദാക്കുകയും ചെയ്തു. വിൽപ്പന നിയന്ത്രിച്ച് ഉത്തരവിറക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരമുണ്ടെന്ന് ജസ്റ്റിസ് എസ് വി ഭട്ടി, ബെച്ചു കുര്യൻ തോമസ് എന്നിവരടങ്ങിയ ഡിവിഷൽ ബഞ്ച് വ്യക്തമാക്കി. അതേസമയം, കേരളത്തിൽ വിൽപ്പന നടത്തുന്ന ഇതര സംസ്ഥാന ലോട്ടറികളുടെ നടത്തിപ്പ് ചുമതല സംസ്ഥാനം നിശ്ചയിക്കുന്ന ഉദ്യോഗസ്ഥനായിരിക്കുമെന്ന ഉത്തരവ് ഭരണഘടനാ വിരുദ്ധമാണെന്നും കോടതി ചൂണ്ടിക്കാട്ടി.