കൊച്ചി: മസാല ബോണ്ട് കേസിലെ എന്ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അന്വേഷണത്തിന് സ്റ്റേ ഇല്ല. തുടർ നടപടികൾ സ്റ്റേ ചെയ്യണം എന്ന കിഫ്‌ബി ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. ഇ ഡി സമൻസ് നല്ല ഉദ്ദേശത്തോടെ അല്ലെന്നും പ്രവർത്തനം തടസ്സപ്പെടുത്തലാണ് ലക്ഷ്യമെന്നും ആയിരുന്നു കിഫ്‌ബിയുടെ ആരോപണം. ഹർജി സെപ്റ്റംബർ 2ന് വീണ്ടും പരിഗണിക്കാനായി മാറ്റി.
മസാല ബോണ്ട് വിതരണവുമായി ബന്ധപ്പെട്ട് ഇ ഡി നടത്തുന്ന അന്വേഷണത്തിലെ തുടർ നടപടികൾ സ്റ്റേ ചെയ്യണം എന്നായിരുന്നു കിഫ്‌ബിയുടെ ആവശ്യം. പണം വന്നത് നിയമവിരുദ്ധമായിട്ടയാണെന്ന് പറയാൻ കഴിയില്ലെന്നും കിഫ്‌ബി കോടതിയില്‍ പറഞ്ഞു. ഇ ഡി സമൻസ് നല്ല ഉദ്ദേശത്തോടെ അല്ലെന്നും പ്രവർത്തനം തടസ്സപ്പെടുത്തൽ ആണ് ലക്ഷ്യമെന്നും ഹര്‍ജിയില്‍ ആരോപിച്ചു. മസാല ബോണ്ടിന് ആര്‍ബിഐയുടെ അംഗീകാരം ഉണ്ടെന്നും ഫെമ ലംഘനം അന്വേഷിക്കേണ്ടത് റിസർവ് ബാങ്കാണെന്നും കിഫ്‌ബി കോടതിയില്‍ പറഞ്ഞു. എന്നാല്‍, കിഫ്‌ബി ഫെമ നിയമങ്ങൾ ലംഘിച്ചതായി സംശയം ഉണ്ടെന്ന് ഇ ഡിയെ അറിയിച്ചു. മറുപടി നൽകാൻ കൂടുതൽ സാവകാശം വേണമെന്നും വിശദമായ സത്യവാങ്മൂലം സമർപ്പിക്കാമെന്നും ഇ ഡി ഹൈക്കോടതിയെ അറിയിച്ചു. ഇതേ തുടര്‍ന്നാണ് ഇ ഡി അന്വേഷണം സ്റ്റേ ചെയ്യാതെ ഹർജി സെപ്റ്റംബർ 2ന് പരിഗണിക്കാന്‍ മാറ്റിയത്.
മസാല ബോണ്ട് കേസിലെ എൻഫോഴ്സ് അന്വേഷണം ചോദ്യം ചെയ്ത് കിഫ്ബി നൽകിയ ഹർജി ജസ്റ്റിസ് വിജി അരുൺ ആണ് പരിഗണിച്ചത്. കിഫ്ബി സി.ഇ.ഒ, കെ.എം. എബ്രഹാം, ജോയിന്റ് ഫണ്ട് മാനേജർ ആനി ജൂലാ തോമസ് എന്നിവരും ഹർജിയിൽ രണ്ടും മൂന്നും കക്ഷികളാണ്. ഫെമ നിയമ ലംഘനം ഇഡിയ്ക്ക് അന്വേഷിക്കാനാകില്ലെന്നും റിസർവ്വ് ബാങ്കാണ് ഇക്കാര്യം പരിശോധിക്കണ്ടതെന്നുമാണ് ഹർജിയിലെ പ്രധാന വാദം. 2021 മുതൽ തുടർച്ചയായി സമൻസ് അയച്ച് കിഫ്ബിയുടെ പ്രവർത്തനം തടസ്സപ്പെടുത്തുകയാണ് ഇഡി. വിദേശനാണ്യ വിനിമയ ചട്ടം ലംഘിച്ചുവെന്നതിന് ഇ.ഡി യുടെ പക്കൽ തെളിവുകളില്ലെന്നും നിക്ഷിപ്ത താൽപ്പര്യത്തോടെയാണ് എൻഫോഴ്സ്മെന്റ് അന്വേഷണമെന്നും ഹർജിക്കാർ വാദിക്കുന്നു. ഹർജി തീർപ്പാക്കും വരെ ഇ.ഡി യുടെ സമൻസുകളിന്മേൽ തുടർ നടപടികൾ തടഞ്ഞ് ഇടക്കാല ഉത്തരവിടണമെന്നും ഹർജിയില്‍ ആവശ്യപ്പെട്ടിരുന്നു.